ന്യൂഡല്‍ഹി: 2024-ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സൈബര്‍ തട്ടിപ്പുകള്‍ മൂലം ഇന്ത്യക്ക് നഷ്ടമായത് 11,333 കോടി രൂപ. ഓഹരി വ്യാപാര തട്ടിപ്പിലൂടെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം നഷ്ടമായത്. ഡിജിറ്റല്‍ അറസ്റ്റ് കേസുകളില്‍ 63,481 പരാതികളാണ് കിട്ടിയത്. ഇതില്‍ 1,616 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) വിഭാഗത്തില്‍ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷം ഏകദേശം 12 ലക്ഷം സൈബര്‍ തട്ടിപ്പ് പരാതികള്‍ ലഭിച്ചു. അതില്‍ ഭൂരിഭാഗവും കമ്പോഡിയ, മ്യാന്‍മര്‍, ലാവോസ് എന്നിവിടങ്ങളില്‍ നിന്നാണ്. 2021 മുതല്‍, 30.05 ലക്ഷം പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 27,914 കോടി രൂപയാണ് ഈ കാലയളവില്‍ നഷ്ടമായത്. 11,31,221 പരാതികളാണ് 2023ല്‍ ലഭിച്ചത്. 5,14,741 പരാതികള്‍ 2022-ലും, 1,35,242 പരാതികള്‍ 2021-ലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ‘മന്‍ കി ബാത്ത്’ റേഡിയോ പരിപാടിയില്‍ ‘ഡിജിറ്റല്‍ അറസ്റ്റിനെ’ക്കുറിച്ച് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഫോണിലൂടെ ആളുകളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടാറില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
സൈബര്‍ തട്ടിപ്പുകളുടെ വലിയ ലോകത്തെ ഒരു പുത്തന്‍ രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആണെന്ന വ്യാജേന രംഗത്ത് വരുന്ന തട്ടിപ്പുകാര്‍ തങ്ങളുടെ ഇരകളെ കണ്ടെത്തി ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കുന്നു. അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നു. പണം ലഭിക്കുന്നതോടെ മുങ്ങുന്നു. ഇതാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്.