ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 12.41 കോടി രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രാജ്യവ്യാപകമായി നടത്തിയ പരിശോധയ്ക്കൊടുവിലാണ് നടപടി. 6.42 കോടിയുടെ നിക്ഷേപ ഫണ്ടുകള്‍ ഇ ഡി മരവിപ്പിച്ചു. തമിഴ്നാട്, പഞ്ചാബ്, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 22 ഇടങ്ങളിലായിരുന്നു പരിശോധന. കഴിഞ്ഞ വര്‍ഷം ഇ ഡി സാന്റിയാഗോ മാര്‍ട്ടിന്റെ 400 കോടി രൂപ മരവിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ 8.8 കോടി പിടിച്ചെടുത്തിരുന്നു. സാന്റിയാഗോയ്ക്ക് പുറമേ മരുമകന് ആധവ് അര്ജുന്, ഇവരുടെ ബിസിനസ് പങ്കാളികള്‍ അടക്കമുള്ളവരുടെ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. സാന്റിയാഗോ മാര്‍ട്ടിനെതിരേയുള്ള നടപടികള്‍ക്ക് മദ്രാസ് ഹൈക്കോടതി അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി കടുപ്പിച്ചത്.
ഇലക്ടറല്‍ ബോണ്ടുകളിലൂടെ രാഷ്ട്രീയ കക്ഷികള്‍ക്ക് 1,300 കോടി രൂപയോളം സംഭാവനയായി നല്കിയ വ്യക്തിയാണ് സാന്റിയാഗോ മാര്ട്ടിന്. ഇലക്ടറല്‍ ബോണ്ടുകളിലൂടെ ഏറ്റവുമധികം പണം രാഷ്ട്രീയകക്ഷികള്‍ക്ക് ഒറ്റയ്ക്ക് നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിനായിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ പിന്നീട് സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു