21 January 2025 4:49:08 PM

കൊല്‍ക്കത്ത: ബംഗാളില്‍ ക്രൂരപീഡനത്തിന് ഇരയായി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വനിത ഡോക്ടര്‍ നേരിട്ടത് അതിക്രൂരപീഡനമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിക്കുന്നതിന് മുമ്പ് മര്‍ദ്ദനമേറ്റതായും ശരീരത്തില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ടായതായുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 14 മുറിവുകളാണ് യുവതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. തല, കവിളുകള്‍, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, ചുമല്‍, കാല്‍ മുട്ട്, കണങ്കാല്‍, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായാണ് ഈ 14 മുറിവുകള്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണ്. ലൈംഗികാതിക്രമം നടന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.

യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് ‘വെളുത്ത ദ്രവം’ കണ്ടെത്തി. രക്ത സാമ്പിളുകളും മറ്റ് ദ്രവങ്ങളും കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടായതായും ശരീരത്തിലെ മറ്റ് ഭാഗങ്ങളില്‍ രക്തം കട്ടയായതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എല്ലുകള്‍ പൊട്ടിയതായി റിപ്പോര്‍ട്ട് പറയുന്നില്ല.

ഓഗസ്റ്റ് ഒമ്പതിനാണ് വനിതാ പിജി ഡോക്ടറെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേദിവസം ആശുപത്രിയിലെ സിവിക് വളണ്ടിയര്‍ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് വ്യക്തമാക്കി കേസ് കല്‍ക്കട്ട ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു.

സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് പശ്ചിമബംഗാളിലും രാജ്യത്തുടനീളവും ഉയരുന്നത്. മമതാ ബാനര്‍ജിക്കും മമതാ സര്‍ക്കാരിനും നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. രാജ്യതലസ്ഥാനത്തും രാജ്യത്തുടനീളവും ആരോഗ്യപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും പ്രതിഷേധം തുടരുകയാണ്.

കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടുത്തയാളാണെന്നും ഇയാളെ സംരക്ഷിക്കാനാണ് മമതാ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുമാണ് ഉയരുന്ന ആരോപണം. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സന്ദീപ് ??ഘോഷ് രാജിവച്ചിരുന്നു. ഇയാളെ സിബിഐ ചോദ്യം ചെയ്തിരുന്നു.

തനിക്ക് മുഖ്യമന്ത്രിയോടുള്ള വിശ്വാസം നഷ്ടമായെന്ന് കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മകള്‍ക്ക് നീതി ലഭിക്കാന്‍ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ കൊലപാതകത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. സ്വമേധയാ സ്വീകരിച്ച ഹര്‍ജി ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ദേശീയ തലത്തില്‍ 24 മണിക്കൂര്‍ നീണ്ട സമരം നടത്തിയതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നടപടി വന്നിരിക്കുന്നത്.

അതേസമയം ക്രൂരമായ കൊലപാതകം നടന്നതിന് പിന്നാലെ ആശുപത്രികളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ബം?ഗാള്‍ സക്കാര്‍ നടപടി സ്വീകരിച്ചു. വനിതാ ഡോക്ടര്‍മാരുടെ സമയം 12 മണിക്കൂറായി നിജപ്പെടുത്തുന്നതാണ് നടപടി. കൂടാതെ സ്ത്രീകള്‍ക്ക് ശുചിമുറിയുള്ള പ്രതേൃക വിശ്രമമുറിയും ഒരുക്കാനും സര്‍ക്കാര്‍ തീരുമാനം.

രാജ്യമെമ്പാടും വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസി(എയിംസ്)ലെയും ഡല്‍ഹിയിലെ മറ്റ് ആശുപത്രിയിലെയും റസിഡന്റ് ഡോക്ടര്‍മാര്‍ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഫീസായ ഡല്‍ഹിയിലെ നിര്‍മന്‍ ഭവന്റെ പുറത്തെ റോഡിലിരുന്ന് ഒപിഡി സേവനങ്ങള്‍ നല്‍കുമെന്ന് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ആര്‍ഡിഎ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!