പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ കാനാറ കുറവന്‍കുഴി ചരുവിള പുത്തന്‍വീട്ടില്‍ അഭിലാഷിനെ (19) ആണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുമായി പരിചയത്തിലായ യുവാവ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡിപ്പിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പ്രതി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു വരുത്തിയ ശേഷം, പുളിമാത്ത് താളിക്കുഴിയിലുള്ള ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പുലര്‍ച്ചെ പ്രതിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.ഇതിനു മുമ്പും പല പ്രാവശ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പ്രതി സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.