ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് വധശിക്ഷ വിധിച്ച് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്.
നവാസ്, അനൂപ്, സഫറുദ്ദീൻ, മുൻഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ജസീബ് രാജ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്‌റഫ്, നൈസാം, അജ്മൽ, അബ്ദുൽ കലാം എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ 15 പിഎഫ്‌ഐ ഭീകരരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ എട്ട് പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരാണ്. ഇവർ രൺജിത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയവരാണ്. മൂന്ന് പ്രതികളാണ് വധം ഗൂഢാലോചന ചെയ്തത്. മുഴുവൻ പ്രതികളും വധശിക്ഷയ്‌ക്ക് അർഹരാണെന്ന് കോടതി പ്രസ്താവിച്ചു.
അതീവ പ്രാധാന്യമർഹിക്കുന്ന കേസായതിനാൽ ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ പരിസരത്തും പോലീസുകാരെ വിന്യസിച്ചിരുന്നു. വലിയ സുരക്ഷാ സന്നാഹത്തോടെയായിരുന്നു പ്രതികളെ കോടതിയിലെത്തിച്ചത്.
അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത്. 2021 ഡിസംബർ 19ന് ആലപ്പുഴയിൽ വച്ചായിരുന്നു കൊലപാതകം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പോപ്പുലർ ഫ്രണ്ട് ഭീകരർ രൺജിത്ത് ശ്രീനിവാനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബാംഗങ്ങളുടെ കൺമുന്നിലിട്ടായിരുന്നു അരുംകൊല.