കോഴിക്കോട് :പിതാവ് കടുത്ത സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്നെന്ന് കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ജീവനൊടുക്കിയ ജോസഫിന്റെ മക്കള്‍.അഞ്ച് മാസക്കാലമായി പെന്ഷന് തുക കിട്ടിയിട്ടില്ല. മരുന്ന് വാങ്ങാനുള്ള പണം പോലും ഉണ്ടായിരുന്നില്ല. പെന്ഷന് ലഭിക്കാത്ത എല്ലാവര്ക്കും വേണ്ടിയായിരുന്നു ജോസഫിന്റെ പോരാട്ടമെന്നും മക്കള്‍ പറഞ്ഞു.
മുതുകാട്ടിലെ വളയത്ത് ജോസഫ് എന്ന വയോധികനെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ ജോസഫ് പെന്ഷന് ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്തില്‍ കത്ത് നല്‍കിയിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് ജോസഫിന്റെ താമസം. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പെന്ഷന് ആയിരുന്നു ആകെയുള്ള വരുമാനം.
തനിക്കും കിടപ്പ് രോഗിയായ മകള്‍ക്കും മാസങ്ങളായി പെന്ഷന് മുടങ്ങിയതോടെ ജോസഫ് പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. ജീവിക്കാന്‍ മറ്റ് വഴിയില്ല. കടം വാങ്ങി മടുത്തു. 15 ദിവസത്തിനകം പെന്ഷന് ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നുമായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. പെന്ഷന് മുടങ്ങിയതിലെ വിഷമം ജോസഫ് സൂചിപ്പിച്ചിരുന്നതായി മക്കളും പറഞ്ഞു.
എന്നാല്‍ പെന്ഷന് മുടങ്ങിയത് ആകില്ല ജോസഫിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍. ഒരുവര്‍ഷം മുന്‍പാണ് ജോസഫിന്റെ ഭാര്യ മരിച്ചത്. ഇതിന് ശേഷം ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.