സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിൻ്റെ മോചനത്തിനായി കഠിന പ്രയത്നത്തിലാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും. അബ്ദുറഹീമിനെ മോചിപ്പിക്കാൻ ഇനി 8 ദിവസം മാത്രമാണ് മുന്നിലുള്ളത്. 34 കോടി രൂപയാണ് അബ്ദുറഹീമിൻ്റെ മോചനത്തിനായി വേണ്ടത്. പരമാവധി നല്ല മനസുകളുടെ സഹായം തേടുകയാണ് ജനകീയ കൂട്ടായ്മ. തുക നൽകാനുള്ള അവസാന തീയതി ഏപ്രിൽ 16 ആണ്.
മോചന തുകയിൽ 10 ശതമാനം പോലും ഇതുവരെ ആയിട്ടില്ല. കുടുംബത്തിനായി സൗദിയിൽ പോയ അബ്ദുറഹീം18 വർഷം മുൻപാണ് കേസിലകപ്പെട്ടത്. മകൻ്റെ തിരിച്ചുവരവിനുള്ള തുക ലഭിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മാതാവ് ഫാത്തിമ.
അപ്പീൽ കോടതിയിൽ നിന്നു അന്തിമ വിധി വരുന്നതിന് മുമ്പ് 15 ദശലക്ഷം റിയാൽ നഷ്ടപരിഹാരമായി നൽകിയാൽ മാപ്പ് നാൽകാമെന്ന് സൗദി കുടുംബം റിയാദിലെ സാമൂഹിക പ്രവർത്തകനായ അഷ്റഫ് വെങ്ങാട്ടിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അബ്ദുറഹീമിനെ രക്ഷിക്കാനുള്ള ഇടപെടലുകളിലേക്ക് സുഹൃത്തുക്കളും നാട്ടുകാരും കടന്നത്.