റിയാദ്: സൗദി തെക്കൻ പ്രവിശ്യയിൽ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെ നജറാൻ ഖമ്മീസ് റോഡിൽ ഖമ്മീസ് മുഷൈത്ത് ജയിലിന് മുൻപിൽ അമിത വേഗതയിൽ വന്ന ഇന്നോവ കാർ മറ്റു വാഹനങ്ങളിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രാജസ്ഥാനി സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖമീസിലെ അഹദ് റുഫൈദയിൽ ഖബറടക്കി. സഹോദരങ്ങൾ നദീം ഗൂരിയും അബ്ദുൽ ലത്തീഫ് ഗൂരിയും മൂത്ത സഹോദരൻ മുഹമ്മദ് ഹബീബ് ഗൂരിക്കൊപ്പം ഖമ്മീസ് മുഷൈത്തിനടുത്ത് അല് സുമ്മാനിലാണ് താമസിക്കുന്നത്.
മൂവരും നിർമാണ തൊഴിലാളികളാണ്. റൂമിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിന്നു നജറാനിൽ നിന്നു വന്ന സ്വദേശിയുടെ ഇന്നോവ കാറിൽ കയറി ഖമ്മീസിലേക്കു പോകുന്ന വഴി ഡ്രൈവർ അമിത വേഗത്തിൽ നിയന്ത്രണം വിട്ടു ഓടിച്ചതാണ് അപകടത്തിന്നു കാരണമായത്. സ്വദേശികളും വിദേശികളുമായ വലിയ ജനക്കൂട്ടമാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്. മരിച്ച സഹോദരങ്ങൾ കഴിഞ്ഞ ഇരുപതു വർഷമായി ഒരേ സ്പോൺസർക്കു കീഴിൽ ജോലി ചെയ്തിരുന്നവരാണ്.
പ്രദേശ വാസികൾക്കൊക്കെ പ്രിയങ്കരായിരുന്ന സഹോദരങ്ങളെക്കുറിച്ചു നല്ല വാക്കുകൾ പറഞ്ഞു നിറകണ്ണുകളോടെയാണ് ചടങ്ങുകളിൽ പങ്കെടുത്ത സ്വദേശികൾ മടങ്ങിയത്. അപകടം നടന്ന ഉടനെ സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ പ്രസിഡണ്ടുകൂടിയായ അഷ്റഫ് കുറ്റിച്ചലും റസാഖ് കിനാശ്ശേരിയും അശുപത്രിയിലെത്തി ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിനേയും മരിച്ചവരുടെ കുടുംബാഗങ്ങളേയും അപകട വിവരം അറിയിച്ചു. അഷ്റഫ് കുറ്റിച്ചലിന്റെ നേതൃത്വത്തിൽ സഹോദരൻ മുഹമ്മദ് ഹബീബിനും സുഹൃത്തുക്കൾക്കുമൊപ്പം നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം നാലുമണിയോടെ അഹദ് റുഫൈദയിലെ ഖബർ സ്ഥാനിൽ തൊട്ടടുത്തായി ഒരുക്കിയ ഖബറുകളിൽ രണ്ടുപേരുടേയും മൃതദേഹം ഖബറടക്കി. വാഹനത്തിൽ ഉണ്ടായിരുന്ന ഏഴ് യാത്രക്കാരും അപകട സ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു.