മദ്രാസ് പട്ടണം എന്ന എ.എല്‍ വിജയ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ബ്രിട്ടീഷ് വംശജയായ എമി ജാക്സണ്‍. ഐ, 2.0, തങ്കമകന്‍, തെരി, സിങ് ഈസ് ബ്ലിങ് തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്തു. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷനിമിഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് എമി
.
കാമുകനും ഹോളിവുഡ് നടനുമായ എഡ് വെസ്റ്റ്‌വിക്ക് തന്നെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് എമി പോസ്റ്റ് ചെയ്തത്. സ്വിസ്റ്റര്‍ലാന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളുടെ പശ്ചാത്തലത്തിലുള്ള റിസോര്‍ട്ട് നഗരമായ ഗിഷ്താദായിരുന്നു പ്രൊപ്പോസലിനായി വെസ്റ്റ്‌വിക്ക് തെരഞ്ഞെടുത്തത്.
മഞ്ഞുമലയുടെ പശ്ചാത്തലത്തില്‍ തൂക്കുപാലത്തില്‍ നിന്നുള്ള ഈ പ്രൊപ്പോസല്‍ ഒരു സ്വപ്‌നം പോലെയായിരുന്നു. മുട്ടുകുത്തി നിന്ന് എമിക്കുനേരെ മോതിരം നീട്ടുന്ന വെസ്റ്റ്‌വിക്കിനേയും ഇരുവരും പരസ്പരം ആലിംഗനം ചെയ്തുനില്‍ക്കുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം.
2022-ലാണ് എമിയും വെസ്റ്റ് വിക്കും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. അതിന് മുമ്പ് റിയല്‍ എസ്റ്റേറ്റ് വ്യവസായി ജോര്‍ജ് പനയോട്ടുവായിരുന്നു എമിയുടെ ഭര്‍ത്താവ്. മൂന്നു വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതിനിടയില്‍ 2019-ല്‍ എമി മകന്‍ ആന്‍ഡ്രിയാസിന് ജന്മം നല്‍കി. നിലവില്‍ വെസ്റ്റ് വിക്കിനും ആന്‍ഡ്രിയാസിനുമൊപ്പം ലണ്ടനിലാണ് എമി താമസിക്കുന്നത്.
ഗര്‍ഭകാലവും മകന്റെ ജനനവും പുതിയ പ്രണയബന്ധവുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി എമി പങ്കുവെച്ചിരുന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത എമി തന്റെ ഗര്‍ഭകാലം ആഘോഷമാക്കിയിരുന്നു. ഗര്‍ഭകാലത്തെ യാത്രകളുടേയും ഫോട്ടോഷൂട്ടുകളുടേയും ചിത്രങ്ങളും വീഡിയോകളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.