ന്യൂഡൽഹി: കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബംഗാൾ സർക്കാർ നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നും, അവഗണന തുടരുകയാണെന്നുമുള്ള ആരോപണവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. പാർലമെന്റിലാണ് ബാലാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാന സർക്കാർ ബോധപൂർവ്വം നിയമങ്ങൾ ലംഘിക്കുകയാണെന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരാജയപ്പെട്ടതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിൽ ബംഗാൾ സർക്കാർ പരാജയപ്പെട്ടുവെന്നും, ബംഗാളിലെ സ്ഥിതി അതീവ ദയനീയമാണെന്നും എൻസിപിസിആർ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോ ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനർജി മാത്രമാണ് ഇതിന് ഉത്തരവാദി. ബാലാവകാശ ലംഘനങ്ങൾ ഉണ്ടായത് പലകുറി ശ്രദ്ധയിൽ പെടുത്തിയിട്ടും, അതിനെതിരെ നടപടി എടുക്കാനോ പ്രശ്‌നങ്ങൾ പരിഹരിക്കാനോ ശ്രമിച്ചില്ലെന്നും പ്രിയങ്ക് ആരോപിച്ചു.
ഡിസംബറിലാണ് ഈ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കുന്നത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ നടപടി എടുക്കുന്നതിൽ സർക്കാരും ജില്ലാ ഭരണകൂടവും സഹകരിച്ചില്ല. സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളിൽ പിന്നാക്ക വിഭാഗങ്ങളിൽ പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വകുപ്പ് 12(1)(സി). എന്നാൽ സംസ്ഥാനത്ത് ഇത് നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല.
ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ സർക്കാർ പൂർണമായും ലംഘിക്കുകയാണ്. വിവിധ ഇടങ്ങളിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളിലോ മറ്റ് അക്രമ സംഭവങ്ങളിലോ ആയി 14 കുട്ടികൾ കൊല്ലപ്പെട്ടു. ഇത് ഗൗരവത്തിൽ കാണാതെ സർക്കാർ തള്ളിക്കളഞ്ഞു. ഈ കേസുകളിലെ കുറ്റവാളികൾക്ക് മതിയായ ശിക്ഷ ലഭിച്ചില്ലെന്നും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നു.