തിരുവനന്തപുരം: രാജ്യത്തെ സാധാരണക്കാരുടെയോ കേരളത്തിൻ്റെയോ ആവശ്യങ്ങൾ കേന്ദ്രബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേഖലാപരമായ അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നതും സംസ്ഥാന താത്പര്യങ്ങളെ ഹനിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ ആവശ്യങ്ങളെയും താത്പര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല.
കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന കിട്ടിയിട്ടില്ല. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടുള്ളതായി കാണാനില്ല”