ചെസിലെ വിശ്വജേതാവിനെ നിര്‍ണയിക്കുന്ന മത്സരമാണ് വേള്‍ഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്. നിലവിലെ ലോകചാമ്പ്യനും അദ്ദേഹത്തിന്റെ വിശ്വകിരീടത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചലഞ്ചറും തമ്മിലുള്ള പോരാട്ടമാണിത്. ഔന്നത്യത്തില്‍ രണ്ടാമതുള്ള മത്സരമാണ് കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ്. ലോകത്തെ ഏറ്റവും കരുത്തരായ എട്ട് അതികായര്‍ അടുത്ത ചലഞ്ചറായി തിരഞ്ഞെടുക്കപ്പെടാന്‍ പരസ്പരം ഏറ്റുമുട്ടുന്ന പോരാട്ടമാണ് കാന്‍ഡിഡേറ്റ്സ്. ഓപ്പണ്‍ വിഭാഗത്തിലും (ഇതില്‍ വനിതകള്‍ക്കും പങ്കെടുക്കാം) വനിതാവിഭാഗത്തിലും വ്യത്യസ്ത കാന്‍ഡിഡേറ്റ്സ് മത്സരങ്ങളുണ്ട്. ഇക്കുറി കാന്‍ഡിഡേറ്റ് ചെസ് ഏപ്രില്‍ നാലുമുതല്‍ 22 വരെ ടൊറന്റോയിലെ ദി ഗ്രേറ്റ് ഹോളില്‍ നടക്കും. ചൈനയുടെ ലോകചാമ്പ്യന്‍ ഡിങ് ലിറന്റെ എതിരാളിയെ ടൂര്‍ണമെന്റ് നിശ്ചയിക്കും.
ലോകചാമ്പ്യനെതിരേ: ലോക വനിതാചാമ്പ്യനെ നേരിടേണ്ട ചലഞ്ചര്‍ ആരെന്ന് 16 താരങ്ങള്‍ തമ്മിലുള്ള ബൗദ്ധികപോരാട്ടം തീരുമാനിക്കും. വടക്കേ അമേരിക്കയില്‍ ആദ്യമായി കാന്‍ഡിഡേറ്റ്സ് മത്സരം സംഘടിപ്പിക്കപ്പെടുന്നു, ഒരേ മേല്‍ക്കൂരയ്ക്കുകീഴെ ഒരേ ദിവസങ്ങളില്‍ കാന്‍ഡിഡേറ്റ്സും വനിതാ കാന്‍ഡിഡേറ്റ്സും അരങ്ങേറുന്നു, കാന്‍ഡിഡേറ്റ്സില്‍ 16 പേരില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണ് എന്നീ പ്രത്യേകതകളുണ്ട് ഇക്കുറി.
അഞ്ച് ഇന്ത്യന്‍താരങ്ങള്‍ : ഇന്ത്യയുടെ കൗമാരതാരങ്ങളായ ഡി. ഗുകേഷ്, ആര്‍. പ്രഗ്‌നാനന്ദ എന്നിവര്‍ക്കൊപ്പം വിദിത് ഗുജറാത്തിയും ഓപ്പണ്‍ വിഭാഗത്തില്‍ മത്സരിക്കും. വനിതാവിഭാഗത്തില്‍ കൊനേരു ഹംപിയും വൈശാലി രമേശ്ബാബുവും മത്സരരംഗത്തുണ്ട്. പ്രഗ്‌നാനന്ദയുെട സഹോദരിയാണ് വൈശാലി. ഓപ്പണ്‍ വിഭാഗത്തില്‍ യു.എസിന്റെ ഫാബിയാനോ കരുവാനെ, ഹികാരു നകാമുറ, ഫ്രാന്‍സിന്റെ ആലിറെസ ഫിറൗസ്, റഷ്യയുടെ ഇയാന്‍ നെപ്പോമ്നിഷി, അസര്‍ബെയ്ജാന്റെ നിജത് അബസോവ് എന്നിവര്‍ മത്സരിക്കുന്നു. വനിതകളില്‍ റഷ്യയുടെ അലക്‌സാന്‍ഡ്ര ഗോര്യാച്കീന, ലെഗ്‌നോ കാറ്ററീന, ചൈനയുടെ ലെയ് ടിങ്ജി, താന്‍ ഷോംഗി, യുക്രൈന്റെ അന്ന മൂസിചുക്ക്, ബള്‍ഗേറിയയുടെ നൂര്‍ഗ്യൂള്‍ സലിമോവ എന്നിവരും മത്സരരംഗത്തുണ്ട്.