കേരളം തിരഞ്ഞ ആ ഭാഗ്യവാൻ പ്രത്യക്ഷപ്പെട്ടു. 20 കോടിയുടെ ക്രിസ്മസ് ന്യൂഇയർ ബംപർ ടിക്കറ്റുമായി പുതുച്ചേരി സ്വദേശി ലോട്ടറി ഡയറക്ട്റേറ്റിൽ എത്തി. കുടുംബത്തിൽ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് അജ്ഞാതനായിരിക്കാനാണ് താൽപര്യമെന്ന് ഭാഗ്യവാൻ അറിയിച്ചു. നാലുദിവസം മുൻപാണ് ഭാഗ്യവാൻ ബന്ധപ്പെട്ടതെന്ന് ഒപ്പമെത്തിയ പാലക്കാട് വിൻസ്റ്റാർ ലോട്ടറി ഏജൻസി ഉടമ ഷാജഹാൻ പറഞ്ഞു.
കിട്ടിയോ കിട്ടിയോ എന്ന ചോദ്യത്തിന് അങ്ങനെ ഉത്തരം കിട്ടി. നറുക്കെടുത്ത് പത്താംദിവസമാണ് അടിച്ചുമോനെ എന്ന് പറയാൻ ഭാഗ്യം ലഭിച്ച ക്രിസ്മസ് ന്യൂ ഇയർ ബംപർ ഭാഗ്യവാൻ പ്രത്യക്ഷപ്പെട്ടത്. പേര് വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് ലോട്ടറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട ഭാഗ്യവാൻ അജ്ഞാതനായിരിക്കാനാണ് താൽപര്യമെന്ന് മാധ്യമങ്ങളെയും അറിയിച്ചു. ലോട്ടറി വിറ്റ പാലക്കാട് വിൻസ്റ്റാർ ഏജൻസി ഉടമയും ഒപ്പമുണ്ടായിരുന്നു.
പുതുച്ചേരി സ്വദേശിയായ 33 കാരൻ ശബരിമല ദർശനം കഴിഞ്ഞ് പദ്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴാൻ എത്തിയപ്പോഴാണ് തൊട്ടുമുൻപിലെ ലക്ഷ്മി ലോട്ടറി ഏജൻസിയിൽ നിന്ന് ലോട്ടറി വാങ്ങിയത്. ഭാഗ്യവാനെ കാണാൻ ആഗ്രഹമുണ്ടെന്ന് ടിക്കറ്റ് വിറ്റ ദുരൈരാജ് പറഞ്ഞു. അജ്ഞാതനായിരിക്കാൻ ആഗ്രഹിക്കുന്ന ഭാഗ്യവാന് കമ്മിഷനും നികുതിയുമെല്ലാം കിഴിച്ച് 12 കോടി 60 ലക്ഷം രൂപ കിട്ടും.