ഡെറാഡൂൺ: സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച് മുനിസിപ്പൽ കോർപറേഷൻ അധികൃതർ പള്ളിയും മദ്‌റസയും തകർത്തതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. മൂന്നുപേരുടെ നില ഗുരുതരവുമാണ്. സംഘർഷത്തിൽ 250 പേർക്ക് പരിക്കേറ്റിരുന്നു. ബൻഭൂൽപുര ഏരിയയിൽ വ്യാഴാഴ്ചയുണ്ടായ സംഭവത്തിലാണ് മരണസംഖ്യ വർധിച്ചത്. മതസ്ഥാപനങ്ങൾ തകർത്തതിനെ തുടർന്ന് പ്രതിഷേധകർ കല്ലെറിയുകയും കാറുകൾ തകർക്കുകയും പോലീസ് സ്‌റ്റേഷൻ വളയുകയും ചെയ്തുവെന്ന് പറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി കണ്ടാലുടൻ വെടിവെക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അധികൃതർ ‘മലിക് കെ ബഗീച്ചെ’ മദ്രസ തകർക്കാൻ ബുൾഡോസറുമായെത്തിയതെന്നും കെട്ടിടം തകർക്കാനുള്ള ഉത്തരവ് അവർ ഹാജരാക്കിയിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു. നാട്ടുകാർ പറയുന്നത് കേൾക്കാൻ അധികൃതർ തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി. സ്ത്രീകളെ പുരുഷ പോലീസുകാർ ലാത്തി ഉപയോഗിച്ച് അടിച്ചെന്നും ചുരുങ്ങിയത് നാലു പേരെയെങ്കിലും വെടിവെച്ചുവെന്നും ഒരു ദൃക്‌സാക്ഷി ദി വയറിനോട് പറഞ്ഞു. രാത്രിയിലും പോലീസ് വെടിവെപ്പ് നടത്തിയതായി നാട്ടുകാർ പറഞ്ഞു. ‘ഞങ്ങൾ വീട്ടിനകത്തായിരുന്നപ്പോൾ പോലീസ് ഞങ്ങളുടെ വാതിലിൽ വരെ വെടിവെച്ചു. ഞങ്ങൾ ഭീതിയിലാണ് കഴിഞ്ഞത്, ഇത് അവസാനിപ്പിച്ചേ മതിയാകു’ ദൃക്‌സാക്ഷി പറഞ്ഞതായി ദി വയർ റിപ്പോർട്ടിൽ പറഞ്ഞു.
നാലായിരം കുടുംബങ്ങൾ താമസിക്കുന്ന റെയിൽവേ കോളനിയിലാണ് അധികൃതർ തകർത്ത മദ്രസ നിലനിന്നിരുന്നത്. റെയിൽവേ വികസനത്തിനായി സ്ഥലം ആവശ്യമുള്ള ഈ പ്രദേശത്തെ കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
അതേസമയം, ജനക്കൂട്ടം പോലീസ് സ്‌റ്റേഷനകത്തുള്ള പോലീസുകാരെ ജീവനോടെ കത്തിക്കാൻ ശ്രമിച്ചുവെന്ന് ഹൽദ്വാനി ജില്ലാ മജിസ്‌ട്രേറ്റ് വന്ദന സിംഗ് വെള്ളിയാഴ്ച പറഞ്ഞു. മരണ സംഖ്യ അഞ്ചായ വിവരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉത്തരാഖണ്ഡ് ഡിജിപി അഭിനവ് കുമാറാണ് അറിയിച്ചതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. സ്വയം രക്ഷക്ക് വേണ്ടിയാണ് വെടിയുതിർത്തതെന്ന് നേരത്തെ പോലീസ് അവകാശപ്പെട്ടിരുന്നു. അതേസമയം, ജില്ലയിൽ ഇപ്പോഴും കർഫ്യൂവും കനത്ത പോലീസ് വിന്യാസവും തുടരുകയാണ്. അധികൃതർ തകർത്ത രണ്ട് കെട്ടിടങ്ങളും നഗർ നിഗം നസൂൽ ഭൂമി (സർക്കാർ ഭൂമി) യിൽപ്പെട്ടതാണെന്നും എന്നാൽ റെവന്യൂ രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് വന്ദന സിംഗ് പറഞ്ഞു.-
‘കെട്ടിടം മൂന്നു ദിവസത്തിനുള്ളിൽ പൊളിച്ചുനീക്കണമെന്നും അല്ലെങ്കിൽ ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ജനുവരി 30ന് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് ഞങ്ങളുടെ സംഘവുമായി ചർച്ച ചെയ്യാൻ നഗർ നിഗമിലെത്തി. ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് അപ്പീൽ നൽകുകയും ചെയ്തു. കോടതിയുടെ തീരുമാനം അംഗീകരിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു’ ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. നേരത്തെ മതിയായ സമയം നൽകിയതിനാൽ കൂടുതൽ സമയം നൽകിയില്ലെന്നും പറഞ്ഞു.
‘കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി ഞങ്ങളുടെ ഫോഴ്‌സ് രാത്രി ഫ്‌ളാഗ് മാർച്ച് നടത്തി. അപ്പോൾ നാട്ടുകാർ അപേക്ഷ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2007ൽ നൈനിറ്റാൾ ഡിഎമ്മിന് ഹൈക്കോടതി നൽകിയ ഉത്തരവ് ഹാജരാക്കി. തുടർന്ന് നിയമനടപടികൾ പരിശോധിക്കാൻ ഞങ്ങൾ പൊളിക്കൽ മാറ്റിവെച്ചു. മദ്രസ കെട്ടിടത്തിൽ ആരുമില്ലെന്ന് ഉറപ്പാക്കി സീൽ വെച്ചു’ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. പൊളിക്കുന്നതിന് മുമ്പ് എല്ലാ നടപടികളും പൂർത്തിയാക്കിയെന്നും അവകാശപ്പെട്ടു.
‘തൊട്ടടുത്ത ദിവസം, 2007ലെ ഉത്തരവ് ഞങ്ങളുടെ ഓഫീസ് പരിശോധിച്ചു. വിഷയത്തിൽ ഒരു കക്ഷി ഹൈക്കോടതിയിൽനിന്ന് സ്‌റ്റേ ആവശ്യപ്പെട്ടു. എന്നാൽ രണ്ട് ദിവസത്തെ വാദത്തിന് ശേഷവും അവർക്ക് ആശ്വാസം ലഭിച്ചില്ല. ഇതോടെ ഞങ്ങൾ നടപടികൾ പൂർത്തിയാക്കി, കെട്ടിടം പൊളിച്ചു നീക്കി’ വന്ദന സിംഗ് അവകാശപ്പെട്ടു. പ്രതിഷേധകരോട് പോലീസ് സംയമനത്തോടെ ഇടപെട്ടുവെന്നാണ് വന്ദന സിംഗ് അവകാശപ്പെട്ടത്. എന്നാൽ സ്ത്രീകളെയടക്കം വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ ഹേറ്റ് ഡിറ്റക്ടറടക്കം എക്‌സിൽ പങ്കുവെച്ചു.
പ്രതിഷേധമുണ്ടായതിനെ തുടർന്ന് പ്രദേശത്ത് ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മസ്ജിദ് പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച വാദം കേട്ടിരുന്നു. ഫെബ്രുവരി 14ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പൊളിക്കൽ നടന്നത്.