24 December 2024

മലയാളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷമെത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകപ്രീതി നേടിയ ഒന്നായിരുന്നു ഫാലിമി. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ നിതീഷ് സഹദേവ് ആയിരുന്നു. സംഘര്‍ഷഭരിതമായ ഒരു മലയാളി മധ്യവര്‍ഗ കുടുംബത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായും രസകരമായും കഥ പറയുകയായിരുന്നു ആദ്യ ചിത്രത്തിലൂടെ നിതീഷ്. നവംബര്‍ 17 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി റിലീസ് ആയും ചിത്രം എത്തിയിരുന്നു. ഇപ്പോഴിതാ ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുകയാണ് പ്രേക്ഷകരുടെ പ്രിയ ചിത്രം. 

ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 31 ന് ഏഷ്യാനെറ്റിലാണ് ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍. വൈകിട്ട് 4 മണിക്കാണ് സംപ്രേഷണം ആരംഭിക്കുക. ബേസില്‍ ജോസഫ്, ജഗദീഷ് മഞ്ജു പിള്ള, അഭിറാം രാധാകൃഷ്ണന്‍, ബോലോറാം ദാസ്, സന്ദീപ് പ്രദീപ്, മീനാരാജ് പള്ളുരുത്തി, അമിത് മോഹന്‍ രാജേശ്വരി, ജോമോന്‍ ജ്യോതിര്‍, റെയ്ന രാധാകൃഷ്ണന്‍, അനില്‍രാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വാരാണസിയിൽ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി തീർത്ഥാടനത്തിന് പുറപ്പെടുന്ന ഒരു കുടുംബം ആ യാത്രയിലുടനീളം നേരിടുന്ന അനവധി വെല്ലുവിളികളും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളുമാണ്  ഫാലിമിയിലൂടെ സംവിധായകന്‍ ദൃശ്യവല്‍കരിച്ചിരിക്കുന്നത്.

ജാനെമന്‍, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ചിയേഴ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ഫാലിമിയുടെ നിര്‍മ്മാണം. ബബ്‍ലു അജു ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീതം വിഷ്ണു വിജയ് ആണ്. സംവിധായകന്‍ നിതീഷ് സഹദേവിനൊപ്പം സാഞ്ജോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിം​ഗ് നിധിന്‍ രാജ് ആരോള്‍. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!