തിയേറ്ററിൽ വീണ്ടും തരംഗം തീർക്കാൻ തമിഴകത്ത് നിന്ന് ഒരു റീ റിലീസ് കൂടി എത്തുന്നു. ദളപതി ചിത്രം ഗില്ലിയാണ് തിയേറ്ററുകളെ ഇളക്കി മറിക്കാൻ ഇത്തവണ എത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഗില്ലി വീണ്ടും റിലീസ് ചെയ്യുന്നതുമായി ചർച്ചകളും മറ്റും ഉടലെടുത്തിരുന്നു. എന്നാൽ ഇപ്പോഴാണ് ചിത്രത്തിന്റെ റിലീസ് തിയതി അണിയറപ്രവർത്തകർ വ്യക്തമാക്കിയത്.
ഏപ്രില്‍ 20 നാണ് ഗില്ലി തിയേറ്ററുകളിൽ വീണ്ടും എത്തുന്നത്.. ഇതിനോടനുബന്ധിച്ച് സിനിമയുടെ ഒരു ട്രെയ്‌ലറും നിര്‍മ്മാതാക്കള്‍ യൂട്യൂബ് വഴി പുറത്തുവിട്ടിട്ടുണ്ട്. 2004 ഏപ്രില്‍ 16 നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. തമിഴകത്ത് വിജയ്‌യുടെ ഗ്രാഫ് തന്നെ മാറ്റിയ ഗില്ലി പാട്ടുകൾ കൊണ്ടും ശ്രദ്ധേയമായിരുന്നു. എട്ട് കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.
അതേസമയം, ഗില്ലി വീണ്ടും വരുന്നത്തിന്റെ ആവേശത്തിലാണ് വിജയ് ആരാധകർ. തങ്ങളുടെ പ്രിയനടന്റെ സൂപ്പർഹിറ്റ് ചിത്രം വീണ്ടും തിയേറ്ററിൽ എത്തുന്നത് സംബന്ധിച്ച് നിരവധി പേർ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.