ഏറ്റുമാനൂർ : കോടതിയിൽ നിന്നു ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി, കടയൽ കാട്ടാവിള ജസ്റ്റിൻ ജെ.സോമൻ (46)നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2018ൽ തന്റെ 3 വയസ്സുള്ള മകളെ വടികൊണ്ട് അടിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്ത കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്നു കോടതിയിൽ നിന്നു ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണു പ്രതിയെ പിടികൂടിയത്.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്ഐ മുഹമ്മദ് നൗഷാദ്, സിപിഒ സെബി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.