മനുഷ്യൻറെ വിശ്വസ്തരായ കൂട്ടാളികളാണ് നായ്ക്കൾ. എല്ലാ വഴികളിലൂടെയും തൻറെ യജമാനന് കാവലാകും എന്നതാണ് നായ്ക്കളുടെ പ്രത്യേകത. അടുത്തിടെ തൻറെ ഉടമയുടെ രക്ഷാദൗത്യത്തിൽ സജീവമായി പങ്കെടുക്കുന്ന ഒരു നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തണുത്തുറഞ്ഞ തടാകത്തിനുള്ളിൽ അകപ്പെട്ടുപോയ ഉടമയെ രക്ഷിക്കാൻ റൂബി എന്ന നായ പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന്റെ ദൃശ്യങ്ങൾ ആയിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ മനുഷ്യരും നായ്ക്കളും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതായിരുന്നു.
ഇൻസ്റ്റഗ്രാം പേജായ ‘വീ റേറ്റ് ഡോഗ്‌സ്’ ആണ് രക്ഷാദൗത്യത്തിന്റെ വീഡിയോ പുറത്തുവിട്ടത്. പോസ്റ്റിൽ പറയുന്നതനുസരിച്ച്, മിഷിഗണിൽ ആണ് സംഭവം. തണുത്തുറഞ്ഞ മഞ്ഞുപാളികൾ നിറഞ്ഞ ഒരു തടാകത്തിലൂടെ നടക്കുന്നതിനിടയിലാണ് റൂബിയുടെ ഉടമ അപ്രതീക്ഷിതമായി മഞ്ഞുപാളി പൊട്ടി തടാകത്തിനുള്ളിൽ വീണു പോയത്. ഉടൻതന്നെ സംഭവം കണ്ടുനിന്നവർ അടിയന്തര സേവനത്തിനായി പോലീസിനെ വിവരമറിയിച്ചു. എന്നാൽ, സംഭവം അറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥൻ്റെ പട്രോളിംഗ് കാറിൽ ഒരു റെസ്ക്യൂ ഡിസ്ക് മാത്രമാണ് ഉണ്ടായിരുന്നത്. അതുമായി അപകടത്തിൽ പെട്ടയാളെ രക്ഷിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥൻ ശ്രമം നടത്തിയെങ്കിലും മഞ്ഞുപാളികളിലൂടെ അധികദൂരം അദ്ദേഹത്തിന് മുന്നോട്ടു പോകാൻ സാധിച്ചില്ല.
അപ്പോഴാണ് റൂബി രക്ഷകനായി എത്തിയത്. പോലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം അനുസരിച്ച് നായ അതിസാഹസികമായി മഞ്ഞുപാളികൾക്കിടയിലൂടെ റെസ്ക്യൂ ഡിസ്ക് തൻറെ യജമാനന്റെ അടുത്ത് എത്തിക്കുകയും സുരക്ഷിതനായി അദ്ദേഹത്തെ മഞ്ഞുപാളികൾക്കിടയിൽ നിന്നും പുറത്തെടുക്കാൻ സഹായിക്കുകയും ചെയ്തു. 16 മിനിറ്റോളം ഐസ്‍വെള്ളത്തിൽ കിടന്ന വ്യക്തിയെ പിന്നീട് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. രക്ഷാപ്രവർത്തനത്തിനുശേഷം പോലീസ് ഉദ്യോഗസ്ഥൻ റൂബിയുടെ വീരോചിതമായ ഇടപെടലിനെ അഭിനന്ദിച്ചു. റൂബിയുടെ കഴിവിനും വിശ്വസ്തതയ്ക്കും ധൈര്യത്തിനും പത്തിൽ 15 മാർക്കും നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു”