അബൂദബി/ചെന്നൈ: ഇത്തിഹാദ് എയർവേഴ്സ് ഐ.പി.എല്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഔദ്യോഗിക സ്പോൺസർ. ടീം ഒഫീഷ്യലുകളുടെയും താരങ്ങളുടെയും ഇത്തിഹാദ് ക്യാബിൻ ക്രൂ അംഗങ്ങളുടെയും സാന്നിധ്യത്തിൽ ചെന്നൈയിലെ കലൈവാണർ അരങ്ങമിൽ നടന്ന പരിപാടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്ത സീസണ്‍ മുതല്‍ ഇത്തിഹാദിന്‍റെ ലോഗോ ടീമംഗങ്ങളുടെ ജഴ്സിയിൽ പ്രദർശിപ്പിക്കും.
ബോളിവുഡ് താരം കത്രീന കൈഫിനെ ബ്രാൻഡ് അംബാസഡറായി യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെ സ്വാഗതം ചെയ്യുന്നതിലൂടെ അസാധാരണമായ യാത്രക്കാണ് തുടക്കം കുറിക്കുന്നതെന്ന് ഇത്തിഹാദ് എയർവേസിലെ ചീഫ് റവന്യൂ ഓഫീസർ അരിക് ഡെ പറഞ്ഞു. സഹകരണം ഇത്തിഹാദിന്‍റെയും ചെന്നൈ സൂപ്പർ കിങ്സിന്‍റെയും യോജിച്ച പ്രവർത്തനങ്ങളുടെ സാക്ഷ്യപത്രമാണെന്നും ആരാധകർക്കും യാത്രക്കാർക്കും അവിസ്മരണീയമായ നിമിഷങ്ങൾ സൃഷ്ടിക്കാനും ശക്തമായ ബന്ധം സ്ഥാപിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തിഹാദ് 10 ഇന്ത്യൻ നഗരങ്ങളിലേക്ക് മൊത്തം 165 പ്രതിവാര വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഇത് ഇന്ത്യൻ യാത്രക്കാരെ ലോകമെമ്പാടുമുള്ള 70ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതാണ്. അടുത്തിടെ എയർലൈൻ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും പുതിയ സർവീസുകൾ ആരംഭിച്ചിരുന്നു. കൂടാതെ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പ്രതിദിനം രണ്ടിൽനിന്ന് നാലിലേക്ക് വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.