കുട്ടിക്കാലത്ത് ബസിലും ട്രെയിനിലുമൊക്കെ കയറുമ്പോള്‍ ജനലരികിലെ സീറ്റിന് വേണ്ടി നമ്മളില്‍ പലരും വാശി പിടിച്ചിട്ടുണ്ടാകും. കാഴ്ചകള്‍ കണ്ട് അങ്ങനെ യാത്ര ചെയ്യാന്‍ ആരാണ് ആഗ്രഹിക്കാത്തത്? വളര്‍ന്ന് വലുതായാലും നമ്മളില്‍ പലര്‍ക്കും വിന്‍റോ സീറ്റ് വിടാന്‍ മടിയാണ് താനും. അത്തരത്തില്‍ ഒരനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കുറിപ്പ് വളരെ വേഗം വൈറലായി. ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് മൂന്നര ലക്ഷത്തിന് മുകളില്‍ ആളുകള്‍ കുറിപ്പ് കണ്ടു കഴിഞ്ഞു. എന്നാല്‍ യാത്രക്കാരനോട് മോശമായി ഇടപെട്ട വിമാനക്കമ്പനിയുടെ കുറിപ്പ് അതിലേറെ പേര്‍ വായിച്ചു.
gabi എന്ന എക്സ് ഉപയോക്താവാണ് തന്‍റെ റയാന്‍ എയര്‍ അനുഭവം പങ്കുവച്ചത്. വിറ്റോ സീറ്റിലിരുന്ന് ഇല്ലാത്ത ജനലിലേക്ക് നോക്കുന്ന ഒരു ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. ‘അവസാനം ഞങ്ങൾക്ക് അത് സംഭവിച്ചു, ജനലില്ലാത്ത ഒരു വിൻഡോ. സീറ്റ് ബുക്ക് ചെയ്തത് അവിശ്വസനീയമായ അനുഭവമാണ്. നന്ദി.’ അദ്ദേഹം റയാന്‍ എയറിനെ ടാഗ് ചെയ്തു കൊണ്ട് എഴുതി. ഗാബിയുടേതിന് സമാനമായ അനുഭവം നേരിട്ട പലരും കുറിപ്പിന് മറുപടി എഴുതാനെത്തി. കുറിപ്പ് വൈറലായതോടെ റയാന്‍ എയറും മറുപടിയുമായി എത്തി. ‘അതിനെ തുറിച്ച് നോക്കുന്നത് കൊണ്ട് അത് മാറില്ല.’ ഗാബി ഇല്ലാത്ത ജനലിലേക്ക് നോക്കുന്ന ചിത്രം റീട്വീറ്റ് ചെയ്തു കൊണ്ട് റിയാന്‍ എയര്‍ കുറിച്ചു. കമ്പനിയുടെ മോശം പ്രതികരണവും എക്സില്‍ വൈറലായി. ഗാബിയുടെ കുറിപ്പിനെക്കാള്‍ കൂടുതല്‍ ആളുകള്‍ റിയാന്‍ എയറിന്‍റെ മറുപടി കണ്ടു.
‘ഒരു ദ്രോഹത്തെ കളിയാക്കുന്നത്, നിങ്ങളെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കില്ല !!’ പരാതിയോടുള്ള റയാന്‍എയറിന്‍റെ മറുപടിയില്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ രൂക്ഷമായി പ്രതികരിച്ചു. ‘റയാന്‍ എയര്‍ ശരിക്കും അത്തരത്തിലുള്ള ഒരു രത്നമാണ്.’ ഉപഭോക്താക്കളോട് മോശമായി പ്രതികരിക്കുന്ന റയാന്‍ എയറിന്‍റെ പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്തി കൊണ്ട് ഒരു കാഴ്ചക്കാരനെഴുതി. ‘ഇത് ഒരു ബോയിംഗ് ആണ്, അതിനാൽ നിങ്ങൾ ലാൻഡ് ചെയ്യുന്നതുവരെ നിങ്ങൾക്ക് ഉറപ്പില്ല.’ അടുത്ത കാലത്തായി ബോയിംഗ് വിമാനങ്ങള്‍ക്ക് നേരെ ഉയരുന്ന സുരക്ഷാ വീഴ്ചകളെ സൂചിപ്പിച്ച് കൊണ്ട് ഒരു കാഴ്ചക്കാരനെഴുതി. ‘കുറഞ്ഞപക്ഷം ഇത് ഒരു ഡോർ പ്ലഗ് അല്ല.’ മറ്റൊരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടു. ‘അവിടെ ജനലിന്‍റെ കുറച്ച് ഭാഗങ്ങളെങ്കിലും ഉണ്ട്, നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? നിങ്ങൾ ഒരു ഫ്ലൈറ്റിന് 1/3 പണം നൽകുന്നു. സ്വാഭാവികമായും നിങ്ങൾക്ക് ഒരു വിൻഡോയുടെ 1/3 ലഭിക്കും..’ മറ്റൊരു കാഴ്ചക്കാരന്‍ തമാശയായി എഴുതി.