26 December 2024

സാന്‍ഫ്രാന്‍സിസ്‌കോ: ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് സെര്‍ച്ച് വിവരങ്ങളുടെ വന്‍ ശേഖരം നീക്കം ചെയ്യാമെന്ന് സമ്മതിച്ച് ഗൂഗിള്‍. ഇന്‍കൊഗ്നിറ്റോ മോഡ് അഥവാ പ്രൈവറ്റ് മോഡില്‍ ആയിരുന്ന ഉപഭോക്താക്കളുടെ സെര്‍ച്ച് വിവരങ്ങളും മറ്റും ശേഖരിച്ച് അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നാരോപിച്ച് ഗൂഗിളിനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ നീക്കം ചെയ്യാന്‍ കമ്പനി സമ്മതിച്ചത്. ഒപ്പം വിവരം ശേഖരിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും ഗൂഗിള്‍ പറഞ്ഞു.

2020 ലാണ് 500 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നിയമ സ്ഥാപനമായ ബോയസ് ഷില്ലര്‍ ഫ്‌ളെക്‌സ്‌നര്‍ ഗൂഗിളിനെതിരെ കോടതിയെ സമീപിച്ചത്. ഗൂഗിള്‍ ക്രോമിലെ ഇന്‍കൊഗ്നിറ്റോ മോഡിലും മറ്റ് ബ്രൗസറുകളിലെ പ്രൈവറ്റ് മോഡിലും ഇന്റര്‍നെറ്റ് ഉപയോഗിച്ചവരുടെ സെര്‍ച്ച് ആക്ടിവിറ്റി ഗൂഗിള്‍ അനുവാദമില്ലാതെ ട്രാക്ക് ചെയ്തു എന്നാരോപിച്ചാണ് കേസ്. ഇതുവഴി കണക്കില്ലാത്ത വിവരശേഖരം ഗൂഗിള്‍ ഉണ്ടാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

2023 ഡിസംബറിലാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനമായത്. കേസ് തള്ളണം എന്ന ഗൂഗിളിന്റെ ആവശ്യം നേരത്തെ തന്നെ കോടതി നിഷേധിച്ചിരുന്നു.

തിങ്കളാഴ്ച സാന്‍ഫ്രാന്‍സിസ്‌കോ കോടതിയില്‍ ഫയല്‍ ചെയ്ത ഒത്തുതീര്‍പ്പ് ഹര്‍ജി കോടതി അംഗീകരിച്ചാല്‍, ഇന്‍കൊഗ്നിറ്റോ മോഡില്‍ ക്രോം ബ്രൗസര്‍ ഉപയോഗിച്ചവരുമായി ബന്ധപ്പെട്ട വിവര ശേഖരം ഗൂഗിള്‍ നീക്കം ചെയ്യണം.

ജൂലായ് 30 ന് കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജി വോന്നെ ഗോണ്‍സാലസ് റോജേഴ്‌സാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. നിലവിലെ കേസില്‍ നഷ്ടപരിഹാരതുകയ്ക്ക് പകരമായാണ് വിവരശേഖരം നീക്കം ചെയ്യാമെന്ന വ്യവസ്ഥ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ യുഎസിലെ ഉപഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കാനാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!