24 December 2024

തിരുവനന്തപുരം: നേരത്തെ പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു.

പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.

6.88 ലക്ഷം പേരുടെ കേന്ദ്രസർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്രസർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ്‌ കേരളം മുൻകൂറായി തുക നൽകുന്നത്‌. ഏഴുമാസത്തെ കുടിശ്ശിക ആയിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരു ഗഡു കഴിഞ്ഞമാസം നൽകി. രണ്ടു ​ഗഡുകൂടി ഇപ്പോള്‍ നല്‍കിയാലും ഏപ്രിലിലേത് അടക്കം അഞ്ചുമാസത്തെ പെൻഷൻ ഇനിയും കുടിശ്ശികയാണ്.

ക്ഷേമപെന്‍ഷന്‍ വൈകുന്നത് സംബന്ധിച്ച് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് സർക്കാർ നടപടി. പെന്‍ഷന്‍ വൈകുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്ക സിപിഐ ഉൾപ്പെടെ ഇടതുമുന്നണി യോഗത്തില്‍ പങ്കുവെച്ചിരുന്നു. പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന നിലപാടിലായിരുന്നു സംസ്ഥാനം. കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനാലാണ് പെന്‍ഷന്‍ വൈകുന്നതെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ മറുപടി. എല്‍ഡിഎഫ് യോഗത്തില്‍ സിപിഐതന്നെ വിമര്‍ശനവുമായി രംഗത്തുവന്നതോടെ വേഗത്തില്‍തന്നെ പെന്‍ഷന്‍ നല്‍കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!