ബെംഗളൂരു: യുവതി സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. മൂന്നുപേര്‍ സ്‌കൂട്ടറില്‍ കാറിനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ യുവതി പകര്‍ത്തിയത് എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സ്‌കൂട്ടറില്‍ കാറിനെ പിന്തുടരുന്ന മൂന്നുപേര്‍ കാറിന്റെ ചില്ലില്‍ അടിക്കുന്നതും വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് അവര്‍ കാറിനെ മറികടക്കുകയും മാര്‍ഗതടസം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് മറികടന്ന് കാര്‍ മുന്നോട്ട് പോയപ്പോള്‍ അവര്‍ വീണ്ടും പിന്തുടരാന്‍ തുടങ്ങി.
ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ യുവതി പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കുകയും ചെയ്തു. ഭയചകിതയായ യുവതി പോലീസിനോട് ഫോണില്‍ സംസാരിക്കുന്നത് വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം
സെയിന്റ് ജോണ്‍സ് ആശുപത്രിയുടെ അഞ്ചാം നമ്പര്‍ ഗെയിറ്റിന് സമീപമാണ് സംഭവം നടന്നത്. KA 04 LK 2583 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള സ്‌കൂട്ടറിലാണ് അക്രമികള്‍ കാറിനെ പിന്തുടര്‍ന്നത്. യുവതിയുടെ സന്ദേശം ലഭിച്ച പോലീസ് ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ചു. മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്‌തെന്നും ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുവെന്നും സൗത്ത് ഈസ്റ്റ് പോലീസ് ഡി.സി.പി. സി.കെ. ബാബ പറഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി പറഞ്ഞ ഡി.സി.പി. റോഡിലെ സുരക്ഷ പോലീസ് ഗൗരവമായാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ജനങ്ങള്‍ ഉടന്‍ 112-ല്‍ വിളിച്ച് പോലീസിനെ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.