കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കളിത്തോക്ക് ചൂണ്ടി ഭയപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. തീക്കോയി സ്വദേശി ജിൻസ് മോനാണ് പിടിയിലായത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
പെൺകുട്ടിയെ നേരത്തെ പരിചയമുണ്ടായിരുന്ന ഇയാൾ പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കളിത്തോക്ക് ചൂണ്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ഭയന്നു പോയ പെൺകുട്ടി രക്ഷിതാക്കളോട് വിവരങ്ങൾ പറയുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
യുവാവിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് പറഞ്ഞു.