ഉത്തരാഖണ്ഡ്: ഹല്‍ദ്വാനിയില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന മദ്രസ മുനിസിപ്പല്‍ അധികൃതര്‍ തകര്‍ത്തതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനിടെ പ്രതിഷേധ സംഘം കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതിനെ തുടര്‍ന്ന് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഹല്‍ദ്വാനിയിലേക്ക് അധിക സേനയെ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചിട്ടുണ്ട്.
കലാപം അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി ധാമി ഹല്‍വാനിയുടെ ബന്‍ഭൂല്‍പുരയില്‍ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹല്‍ദ്വാനിയിലെ എല്ലാ സ്‌കൂളുകളും വെള്ളിയാഴ്ച അടച്ചിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സമാധാനം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
‘ഹൽദ്വാനിയിലെ ബൻഭൂൽപുര പ്രദേശത്ത് കോടതിയുടെ ഉത്തരവിനെത്തുടർന്ന് ഉദ്യോഗസ്ഥ സംഘം കയ്യേറ്റ വിരുദ്ധ നടപടികള്‍ കൈക്കൊള്ളാന്‍ പോയിരുന്നു. അവിടെയുള്ള സാമൂഹിക വിരുദ്ധർ പോലീസുമായി കലഹത്തിൽ ഏർപ്പെട്ടു. കുറച്ച് പോലീസുകാർക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പോലീസിൻ്റെയും കേന്ദ്ര സേനയുടെയും കൂടുതൽ ആളുകളെ അവിടേക്ക് അയക്കുന്നുണ്ട്. സമാധാനം നിലനിർത്താൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിച്ചു. കർഫ്യൂ നിലനിൽക്കുന്നുണ്ട്’, പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
ഇൻഡ്യ സഖ്യ തീരുമാനത്തിന് കാത്തില്ല; അസമിൽ മൂന്നിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി
കഴിഞ്ഞ ദിവസമാണ് ഹൽദ്വാനിയുടെ മുനിസിപ്പൽ കോർപ്പറേഷൻ ബൻഭൂൽപുര പോലീസ് സ്റ്റേഷന് സമീപം അനധികൃതമായി നിർമ്മിച്ചതായി കരുതുന്ന മദ്രസ തകർത്തത്. മുനിസിപ്പൽ കോർപ്പറേഷൻ്റെ നീക്കത്തോട് പ്രതികരിച്ച് സമീപത്ത് താമസിക്കുന്ന ഒരു കൂട്ടം ആളുകൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയാൻ തുടങ്ങി. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അക്രമികൾ പോലീസ് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും അവയിൽ ചിലത് തീയിടുകയും ചെയ്തു. ജനക്കൂട്ടം ട്രാൻസ്‌ഫോർമറിന് തീയിട്ടതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി. മുനിസിപ്പൽ കമ്മീഷണർ പങ്കജ് ഉപാധ്യായ, സിറ്റി മജിസ്‌ട്രേറ്റ് റിച്ച സിംഗ്, എസ്‌ഡിഎം പരിതോഷ് വർമ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പൊളിക്കൽ നടന്നതെന്ന് എസ്എസ്‌പി മീണ പറഞ്ഞു.