വയനാട്: കൊളഗപ്പാറ ചൂരിമലയിൽ കടുവ കൂട്ടിലായി. കടുവ പിടികൂടാൻ വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ പെട്ടത്. താണാട്ടുകുടിയിൽ രാജൻ്റെ പശുക്കിടാവിനെ ഇന്നലെ കടുവ ആക്രമിച്ച് കൊന്നിരുന്നു. ഒരു മാസത്തിനിടെ നാലാമത്തെ വളർത്തുമൃഗമാണ് കടുവയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെടുന്നത്. ഇതിനെ തുടർന്നാണ് കടുവയെ പിടിക്കാനുള്ള ശ്രമം വനംവകുപ്പ് ഊർജ്ജിതമാക്കിയത്.
മൂന്ന് മാസം മുമ്പ് രാജൻ്റെ മറ്റൊരു കറവപശുവിനെയും രണ്ടാഴ്ച മുൻപ് ചെറുപുറത്ത് പറമ്പിൽ ഷെർളി കൃഷ്ണയുടെ പോത്തിനെയും കടുവ കൊന്നിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ കൂടുകളും ക്യാമറയും സ്ഥാപിക്കുകയും ദൗത്യം ഊർജ്ജിതമാക്കുകയും ചെയ്തു.
ബീനാച്ചി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി.