ദില്ലി: ദില്ലിയിലെ ആഡംബര ഹോട്ടലിൽ താമസിച്ച് മുറിവാടകയിനത്തിൽ ആറുലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. പോലീസ് പരിശോധിച്ചപ്പോൾ യുവതിയുടെ അക്കൗണ്ടിൽ 41 രൂപ മാത്രമാണുണ്ടായിരുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലാണ് 15 ദിവസം താമസിച്ചത്. യുവതിയുടെ യഥാർഥ വിലാസവും കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ലഭിക്കാൻ ദില്ലി പോലീസ് ആന്ധ്രാപ്രദേശ് പോലീസിന്റെ സഹായം തേടി
.
പോലീസ് സ്ത്രീയെ ചോദ്യം ചെയ്യുകയും കൗൺസിലിംഗ് നൽകുകയും ചെയ്തു. എന്നാൽ, യുവതി സഹകരിച്ചില്ല. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിരസിച്ചു. ഒടുവിൽ ബാങ്കുമായി ബന്ധപ്പെട്ട് പോലീസ് അക്കൗണ്ട് പരിശോധിച്ചപ്പോൾ വെറും 41 രൂപ മാത്രമാണ് ഉണ്ടായിരുന്നത്- പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഝാൻസി റാണി സാമുവൽ എന്നാണ് പേരെന്ന് യുവതി പോ ലീസിനോട് പറഞ്ഞു.
ദില്ലി എയർപോർട്ടിന് സമീപമുള്ള എയ്റോസിറ്റിയിലെ പുൾമാൻ ഹോട്ടലിലാണ് യുവതി താമസിച്ചത്. 5,88,176 രൂപയാണ് തട്ടിച്ചത്. ഹോട്ടൽ സ്പാ ഫെസിലിറ്റിയിൽ ഇഷ ഡേവ് എന്ന യുവതിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഹാജരാക്കി 2,11,708 രൂപയുടെ സേവനങ്ങളാണ് യുവതി ഹോട്ടലിൽ നിന്ന് സ്വന്തമാക്കിയത്. ഝാൻസി റാണി സാമുവൽ ഐസിഐസിഐ ബാങ്ക് യുപിഐ ആപ്പിലൂടെയാണ് ഇടപാടുകൾ നടത്തുന്നതെന്ന് ഹോട്ടൽ ജീവനക്കാരെ കാണിച്ചെങ്കിലും ബാങ്കിന് പണമൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമായി.
താൻ ഒരു ഡോക്ടറാണെന്നും തൻ്റെ ഭർത്താവും ഡോക്ടറാണെന്നും ന്യൂയോർക്കിലാണ് താമസിക്കുന്നതെന്നും അവർ ആദ്യം പോലീസിനോട് പറഞ്ഞു. ജനുവരി 13 ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചന, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റമാണ് ചുമത്തിയത്