ദില്ലി: ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച് ആർട്ടിക്കിലെ പോളാർ വോർട്ടെക്സ് ഭൂമിക്ക് ചുറ്റും വിപരീത ദിശയിൽ വലംവെച്ചെന്ന് റിപ്പോർട്ട്. അപ്രതീക്ഷിത മാറ്റം മാർച്ച് നാലിനാണ് സംഭവിച്ചത്. 1979 ന് ശേഷം ആറാമത്തെ തവണയാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെ (NOAA) കാലാവസ്ഥാ ശാസ്ത്രജ്ഞയായ ആമി ബട്‌ലർ പറഞ്ഞു.
എന്താണ് പോളാർ വോർട്ടക്സ്?
ഉത്തരധ്രുവത്തിനടുത്തുള്ള അന്തരീക്ഷത്തിൽ ഉയരത്തിൽ രൂപം കൊള്ളുന്ന തണുത്ത വായുവിൻ്റെ വലിയൊരു ചാക്രിക രൂപമാണ് സ്ട്രാറ്റോസ്ഫെറിക് പോളാർ വോർട്ടക്സ്. കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് സാധാരണ ഈ കാറ്റ് വീശുക. എന്നാൽ, ഇക്കുറി പടിഞ്ഞാറ് നിന്ന് കിഴക്കോട്ടേക്ക്, നേരെ എതിർ ദിശയിലാണ് പ്രദക്ഷിണം വെക്കുന്നത്. ശൈത്യകാലത്ത് ധ്രുവങ്ങളിൽ തണുത്ത കാറ്റിനെ നിലനിർത്തുന്നത് പോളാർ വോർട്ടെക്സ് പ്രതിഭാസമാണ്. മണിക്കൂറിൽ 155 മൈലിൽ വരെ ഈ കാറ്റ് വീശിയടിക്കും. പോളാർ നൈറ്റ് ജെറ്റ് എന്നും ഇതിനെ വിശേഷിപ്പാക്കാറുണ്ട്. സ്ട്രാറ്റോസ്ഫിയർ ട്രോപോസ്ഫിയറുമായി ചേരുന്നയിടമാണ് പോളാർ വോർട്ടെക്സിന്റെ ഉത്ഭവം. പിന്നീടിത് മീസോസ്ഫിയറിലേക്ക് കയറുന്നു. 6-20 കിലോമീറ്റർ ഉയരത്തിൽ ആരംഭിച്ച് ഏകദേശം 50 കിലോമീറ്റർ ഉയരത്തിൽ എത്തുന്ന സ്ട്രാറ്റോസ്ഫിയറിലാണ് പോളാർ വോർട്ടക്സ് സ്ഥിതി ചെയ്യുന്നത്.
സ്ട്രാറ്റോസ്ഫെറിക് ഭാഗങ്ങൾ പെട്ടെന്ന് ചൂടുപിടിച്ചതാകാം വിപരീത ദിശയിൽ വീശാൻ കാരണമെന്ന് ആമി ബട്ട്‌ലർ പറയുന്നു. ആർട്ടിക്കിന് ചുറ്റുമുള്ള താഴ്ന്ന അക്ഷാംശങ്ങളിൽ നിന്ന് കൂടുതൽ ഓസോൺ ചലിപ്പിക്കാൻ കാരണമായതും (ഓസോൺ സ്പൈക്ക്) പോളാർ വോർട്ടെക്സിനെ അപ്രതീക്ഷിതമായി ദിശ മാറ്റുന്നതിലേക്ക് നയിച്ചെന്നും അവർ പറയുന്നു. സ്ട്രാറ്റോസ്ഫിയറിൽ അന്തരീക്ഷ ഗ്രഹ തരംഗങ്ങൾ ഉടലെടുത്തതും താപനില വർദ്ധിപ്പിക്കാൻ കാരണമായിരിക്കാമെന്നും ബട്ട്‌ലർ സ്പേസ് വെതറിനോട് പറഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെട്ട ഓസോൺ സ്പൈക്ക് 1979 ന് ശേഷമുണ്ടായതിൽ ഏറ്റവും വലുതാണെന്നും പറയുന്നു.
ഉത്തരാര്‍ധ ഗോളത്തില്‍ വിവിധ പ്രദേശങ്ങളിൽ കൊടും തണുപ്പിന് കാരണമാകുന്ന പ്രതിഭാസമാണ് പോളാർ വോർട്ടെക്സ്. എന്നാൽ, മാർച്ചിലെ സംഭവം തീവ്രമായ കാലാവസ്ഥക്ക് കാരണമായിട്ടില്ലെന്നതാണ് വസ്തുത. വരും മാസങ്ങളിൽ ഇത് കാലാവസ്ഥയിൽഎന്ത് സ്വാധീനം ചെലുത്തുമെന്ന് പ്രവചിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.