കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് അപരനായി സിപിഐഎം നേതാവ്. പാടത്തോട് ലോക്കല്‍ കമ്മറ്റി അംഗം ഫ്രാന്‍സിസ് ജോര്‍ജാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. രണ്ട് അപരന്മാരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് ഉള്ളത്.
ഒന്നല്ല രണ്ട് അപരന്മാരാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഫ്രാന്‍സിസ് ജോര്‍ജ്ജിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. കോട്ടയം കൂവപ്പള്ളി സ്വദേശി ഫ്രാന്‍സിസ് ജോര്‍ജ്ജാണ് യുഡിഎഫിനെ ഇതില്‍ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. മറ്റൊരാള്‍ തൃശ്ശൂര്‍ കേച്ചേരി സ്വദേശി ഫ്രാന്‍സിസ് ഇ ജോര്‍ജ്ജാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാനദിവസമായ ഇന്നലെയാണ് രണ്ടും പേരും പത്രിക നല്‍കിയത്. അതീവ രഹസ്യമായിട്ടുള്ള നീക്കം ചെറുക്കാന്‍ അതുകൊണ്ട് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ഫ്രാന്‍സിസ് ജോര്‍ജ്ജിനും സാധിച്ചില്ല.
അപരന്മാരെ ഇറക്കിയതിന് പിന്നില്‍ എല്‍ഡിഎഫിന്റെ പരാജയ ഭീതി ആണെന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്. എന്നാല്‍ എല്‍ഡിഎഫ് നേതൃത്വം ഇത് നിഷേധിച്ചു. ചിഹ്നം കൂടി ലഭിക്കാത്ത സാഹചര്യത്തില്‍ അപരന്മാരുടെ ശല്യം യുഡിഎഫിന് തലവേദനയാകും. അതുകൊണ്ട് തന്നെ ഇവരെ കണ്ടെത്തി പത്രിക പിന്‍വലിപ്പിക്കാനുള്ള ശ്രമം യുഡിഎഫ് ആരംഭിച്ചു കഴിഞ്ഞു.