25 December 2024

തിരുവനന്തപുരം: മാതാപിതാക്കളും സഹോദരിയും ബന്ധുവും ഉള്‍പ്പെടെ നാലുപേരെ കൊലചെയ്തിട്ടും പോലീസ് കസ്റ്റഡിയില്‍ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന യുവാവിന്റെ ചിത്രം പെട്ടെന്ന് മലയാളികളുടെ മനസ്സില്‍ നിന്നും മായില്ല.

സാത്താന്‍ സേവയുടെ പേരിലെ ദുരൂഹമരണങ്ങള്‍ വീണ്ടും മനഃസാക്ഷിയെ ഞെട്ടിക്കുമ്പോള്‍ പെട്ടെന്ന് ഓടിയെത്തുന്ന മുഖം, നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയുടേതാണ്. ‘അഞ്ചാം പാതിര’ എന്ന സൈക്കോ ത്രില്ലര്‍ സിനിമയിലും കേഡലിന്റെ ഭാവങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു.

2017 ഏപ്രില്‍ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇതിനുശേഷം ചെന്നൈയിലേക്ക് പോയ കേഡല്‍ തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് കേഡല്‍ തിരികെയെത്തിയത്. കേഡല്‍ ഇപ്പോഴും പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതിനാല്‍ കേസില്‍ തുടര്‍നടപടി ഉണ്ടായിട്ടില്ല. പൂജപ്പുര മാനസിക ആരോഗ്യകേന്ദ്രത്തിലെ ചികിത്സ തുടരുന്നുണ്ട്. കഴിഞ്ഞയാഴ്ചയും ഡോക്ടര്‍ പരിശോധിച്ചിരുന്നു.

സഹതടവുകാരനെ ആക്രമിച്ച പശ്ചാത്തലമുള്ളതിനാല്‍ കേഡല്‍ മിക്കസമയവും ഒറ്റയ്ക്കാണ്. ആരോഗ്യപ്രശ്നങ്ങളുള്ളപ്പോള്‍ വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ ചെലുത്താറില്ലെന്നതൊഴിച്ച് മറ്റു പ്രശ്നങ്ങളൊന്നും ജയിലില്‍ ഉണ്ടാക്കാറില്ല. ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടിരുന്നു. രാത്രികളില്‍ കളിയും ചിരിയുമായി കഴിയുന്ന കേഡല്‍ ജയില്‍ ജീവനക്കാര്‍ക്കും ആദ്യകാലത്ത് അത്ഭുതമായിരുന്നു. മാതാപിതാക്കളുമായി സംസാരിക്കാറുണ്ടെന്നായിരുന്നു കേഡലിന്റെ അവകാശവാദം. ആത്മാക്കളുമായി തനിക്ക് സംവദിക്കാനുള്ള കഴിവുണ്ടെന്നാണ് കേഡല്‍ അവകാശപ്പെടുന്നത്. പത്തുവര്‍ഷത്തിലേറെയായി കുടുംബാംഗങ്ങള്‍ അറിയാതെ കേഡല്‍, സാത്താന്‍ സേവ നടത്തിയിരുന്നു. ഇന്റര്‍നെറ്റിലൂടെയാണ് കേഡല്‍ ആസ്ട്രല്‍ പ്രൊജക്ഷനില്‍ അറിവ് നേടിയത്. നല്ല സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവുമുള്ള കുടുംബത്തിലെ അംഗമായ കേഡല്‍, സാത്താന്‍ സേവയില്‍ എങ്ങനെ എത്തിപ്പെട്ടുവെന്നത് പോലീസിനെ കുഴക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!