ലാഹോര്‍: തനിക്കെതിരേ ഉയര്‍ന്ന ഒത്തുകളി ആരോപണത്തില്‍ ശക്തമായി പ്രതികരിച്ച് പാകിസ്താന്‍ ഓള്‍ റൗണ്ട് താരവും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ഫോര്‍ച്യൂണ്‍ ബാരിഷല്‍ ടീമംഗവുമായ ശുഐബ് മാലിക്. ഫോര്‍ച്യൂണ്‍ ബാരിഷലുമായി വേര്‍പിരിയാനുള്ള തീരുമാനവും ശുഐബ് വിശദീകരിച്ചു. ദുബായില്‍ നേരത്തേ ഏറ്റ മാധ്യമ പരിപാടിയില്‍ പങ്കെടുക്കേണ്ട ആവശ്യത്താലാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍നിന്ന് തത്കാലം വിട്ടുനില്‍ക്കുന്നതെന്നും ഷുഐബ് വ്യക്തമാക്കി.
ബി.പി.എല്‍. നടന്നുകൊണ്ടിക്കേ, ഷുഐബ് മാലിക് ഫോര്‍ച്യൂണ്‍ ബാരിഷല്‍ ടീം വിട്ടതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒത്തുകളി സംശയത്തെത്തുടര്‍ന്ന് ഷുഐബുമായുള്ള കരാര്‍ അവസാനിപ്പിക്കുകയായിരുന്നെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 22-ന് ഖുല്‍ന ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ ഒരോവറില്‍ മൂന്ന് നോബോളുകള്‍ എറിഞ്ഞതാണ് സംശയത്തിന് വഴിവെച്ചത്.
ലീഗില്‍ മൂന്ന് മത്സരങ്ങളിലാണ് ഷുഐബ് ടീമിനൊപ്പം ചേര്‍ന്നത്. ദുബായില്‍ നേരത്തേ ഏറ്റ ഒരു പരിപാടിയുള്ളതിനാലാണ് വിട്ടുനില്‍ക്കുന്നത്. ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തില്‍ ആവശ്യമാണെങ്കില്‍ ടീമിനൊപ്പം ചേരുമെന്നും ശുഐബ് അറിയിച്ചിട്ടുണ്ട്. ജനുവരി 19 മുതല്‍ മാര്‍ച്ച് ഒന്നു വരെയാണ് ബി.പി.എല്‍. മത്സരങ്ങള്‍. ടീമുമായുള്ള കരാര്‍ അവസാനിപ്പിച്ചിട്ടില്ല. ക്യാപ്റ്റന്‍ തമീം ഇഖ്ബാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ശുഐബ് അറിയിച്ചു.