വയനാട് സുഗന്ധഗിരിയിലെ അനധികൃത മരംമുറിയില്‍ ബുദ്ധിമുട്ടിലായ നിരവധി ഭൂവുടമകളുണ്ട്. മരംമുറിക്കാന്‍ അപേക്ഷ നല്‍കാത്ത ചന്തുവിന്‍റെ പറമ്പില്‍ നിന്ന് രണ്ട് മരം മുറിച്ചത് ഭൂവുടമ അറിയാതെയാണ്. മരംമുറി ചോദ്യം ചെയ്തപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടയാളപ്പെടുത്തിയ മരങ്ങളാണ് മുറിക്കുന്നതെന്നാണ് ചന്തുവിന് വനംവകുപ്പ് ജീവനക്കാര്‍ നല്‍കിയ മറുപടി.
ഭൂമിയിലെ മരങ്ങളുടെ ഉത്തരവാദിത്തം ഉടമകള്‍ക്കാണെന്നിരിക്കെയാണ് സുഗന്ധഗിരിയിലെ താമസക്കാരനായ വെള്ളന്‍ ചന്തുവിന്‍റെ ഭൂമിയില്‍ നിന്ന് അദ്ദേഹം അറിയാതെ രണ്ട് മരങ്ങള്‍ തട്ടിപ്പുകാരും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്ന് മുറിച്ചത്. വിവരം അറിഞ്ഞ് ചന്തു എത്തുമ്പോഴേക്കും പറമ്പിലെ രണ്ട് കൂറ്റന്‍ മരങ്ങള്‍ മുറിച്ച് കഴിഞ്ഞിരുന്നു. കൃഷി ചെയ്തിരുന്ന ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിനിടെ കാപ്പിയും കുരുമുളകും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
ഭൂമിയില്‍ നിന്ന മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയതോടെ ഭാവിയില്‍ പട്ടയത്തിനുള്‍പ്പടെ ബുദ്ധിമുട്ട് നേരിടേണ്ടിവരുമൊ എന്നാണ് ചന്തുവിന്‍റെ ആശങ്ക.