27 December 2024

ഇടുക്കി: അഞ്ചുരുളി ജലാശത്തിൽ നിന്നും ഇന്നലെ അർധരാത്രിയോടെ കണ്ടെത്തിയ മൃതദേഹം പാമ്പാടുംപാറ സ്വദേശിനിയായ യുവതിയുടേതെന്ന് സ്ഥിരീകരണം. ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ ബന്ധുക്കൾ തിരയുന്നതിനിടെയാണ് ഇന്നലെ രാത്രിയിൽ അഞ്ചുരുളി ജലാശയത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ജോണ്‍ മുരുകന്റെ മകള്‍ എയ്ഞ്ചല്‍ ( അഞ്ജലി-24) ആണ് മരിച്ചത്. 

ഇടുക്കി ഡാമിന്റെ ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി ഭാഗത്തെ ജലാശയത്തില്‍ ചാടി ജീവനൊടുക്കിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ വൈകുന്നേരം ആറോടെ ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ്  യുവതി പാമ്പാടുംപാറയില്‍ നിന്നും ബസില്‍ കയറി കട്ടപ്പനയിലും പിന്നീട് കാഞ്ചിയാര്‍ അഞ്ചുരുളിയിലുമെത്തുകയായിരുന്നു. ഇതിനിടെ ഇവര്‍ അഞ്ചുരുളി ഭാഗത്തേയ്ക്ക് പോയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇത് പൊലീസിനെ അറിയിച്ചു. പിന്നീട്  നടത്തിയ തെരച്ചിലില്‍ അഞ്ചുരുളി ജലാശയത്തിന് സമീപത്തു നിന്നും മൊബൈല്‍ ഫോണും ബാഗും കണ്ടെടുത്തിരുന്നു.

ഇതേ തുടര്‍ന്നാണ് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്  നടത്തിയ തെരച്ചിലിലാണ് അര്‍ധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അഞ്ജലിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നെന്ന് വിവരം ലഭിച്ചതായും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍  ജീവനൊടുക്കിയതാണോ എന്നതുള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന സിഐ സുരേഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!