24 December 2024

മഹാ നാടകകാരനും വിപ്ലവകാരിയുമായ തോപ്പില്‍ ഭാസിയുടെ ജന്മശതാബ്ദിയാണ് ഇന്ന്. ഒരായുഷ്‌കാലം മുഴുവന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനും നാടകത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാപ്രതിഭയാണ് ഭാസി. രാജ്യം ഒരു നിര്‍ണായക തെരഞ്ഞെടുപ്പിന്റെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ തോപ്പില്‍ ഭാസിയുടെ ഓര്‍മയും പോരാളികള്‍ക്കാരു പിടിവള്ളിയാണ്.

കേരളത്തിലെ അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളികള്‍ക്ക് പുതിയൊരു ആകാശവും ഭൂമിയുമായിരുന്നു തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍. പുന്നപ്ര വയലാര്‍ വിപ്ലവത്തില്‍ ആവേശഭരിതനായി കമ്യൂണിസ്റ്റായ തോപ്പില്‍ ഭാസ്‌കരപിള്ള ഒരേ സമയം കേരളം കണ്ട വലിയ വിപ്ലവകാരിയും വലിയ കലാകാരനുമായി. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ഭാസി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ സാമൂഹൃ കഷ്ടതകളെ ചികിത്സിച്ച് വൈദ്യനൊപ്പം വിപ്ലവകാരിയുമായി.

1952 ഡിസംബര്‍ എട്ടിന് കൊല്ലത്തെ ചവറ തട്ടാശേരിയില്‍ അരങ്ങേറിയ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നിലവിലുള്ള നാടക സങ്കല്പങ്ങളെ തകര്‍ത്തെറിഞ്ഞ് അടിയാനെയും കുടിയാനെയും അരങ്ങിലെത്തിച്ചു. മധ്യതിരുവിതാംകൂറിലെ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ചെറുത്തുനില്‍പ്പിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും അരങ്ങായിരുന്നു കമ്മ്യൂണിസ്റ്റാക്കി.

നാടകത്തിനൊടുവില്‍ കീഴാള നായിക മാലയുടെ കയ്യില്‍നിന്നും പരമുപിള്ള ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ആ ചെങ്കൊടിക്ക് പിന്നില്‍ അണിനിരന്നത് കേരളം ഒന്നാകെയാണ്. ഒരു ലോക സംഭവമായ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തില്‍ എത്തിച്ചതിനു പിന്നില്‍ കെപിഎസിയുടെ ബാനറില്‍ പരമുപിള്ള ഉയര്‍ത്തിപ്പിടിച്ച ചെങ്കൊടിയുമുണ്ട്.

സാമൂഹിക പ്രതിബദ്ധതയില്‍ വിട്ടു വിഴ്ചയില്ലാത്ത,മാനവീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച തോപ്പില്‍ ഭാസി അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹ്യ ജീര്‍ണതകള്‍ക്കും എതിരെയായായിരുന്നു തന്റെ നാടകങ്ങളിലൂടെ ശബ്ദിച്ചു കൊണ്ടിരുന്നത്. കുഷ്ഠരോഗം എന്ന മഹാവിപത്ത് സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരുന്ന കാലത്ത് ഭാസി അശ്വമേധത്തിലൂടെ ഉയര്‍ത്തിയ രോഗം ഒരു കുറ്റമാണോ എന്ന ചോദ്യത്തിന്റെ അലയൊലികള്‍ മഹാമാരിയുടെ കാലത്തും നമ്മള്‍ കേട്ടതാണ്.

അന്ധവിശ്വാസങ്ങളുടെയും ശാസ്ത്രബോധമില്ലായ്മയുടെയും തടവില്‍ കഴിയുന്ന പരിഷ്‌കൃത സമൂഹത്തിന്റെ രോഗം ചികിത്സിക്കുകയായിരുന്നു ഭാസി. ശരശയ്യയും മുടിയനായ പുത്രനും മൂലധനവും ഉള്‍പ്പെടെയുള്ള ഭാസിയുടെ അമ്പതോളം നാടകങ്ങളും നൂറോളം സിനിമകളും കേരളം ഇന്നുവരെ നടന്നെത്തിയു പുരോഗമന രാഷ്ട്രീയ ജീവിതത്തിന്റെയും പ്രതിബദ്ധ കലാബോധത്തിന്റെയും നടപ്പാതകളായിരുന്നു. 1949 ലെ ശുരനാട് സംഭവത്തില്‍ ആര്‍ ശങ്കരനാരായണന്‍ തമ്പിക്കും പുതുപ്പള്ളി രാഘവനുമൊപ്പം കൊലക്കേസ് പ്രതിയാക്കി ഭാസിയെയും ജയിലിലടച്ചു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിനത്തില്‍ പോലും മോചനം കിട്ടിയില്ല. 1952 ല്‍ തിരുകൊച്ചി നിയമ സഭയിലേക്കും 57 ല്‍ കേരളത്തിലെ ആദ്യ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പട്ട ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ ഫാസിസത്തിനെതിരായ ഈ തെരഞ്ഞെടുപ്പു പോരാട്ടത്തിനും കരുത്തുപകരും. ഒരു മഹാരാജ്യത്തെ ഒന്നടങ്കം മതഭ്രാന്തിലേക്കും വിഭജനത്തിലേക്കും അന്ധവിശ്വാസ ഭീകരതയിലേക്കും നയിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഇന്നും ആയുധമാണ് ആ നാടകങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!