ഇന്ന് ഏപ്രിൽ ഏഴ്.. ജനീവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ സ്ഥാപകദിനം. ലോകാരോഗ്യ ദിനമായാണ് ഇന്നേ ദിനം ആചരിക്കുന്നത്. ഇതിന് പുറമേ ആഗോള തലത്തിൽ ബാധിക്കുന്ന ആരോഗ്യപ്രശ്നത്തെ ലോകശ്രദ്ധയിൽ എത്തിക്കാനും ദിനാചരണം പ്രയോജനപ്പെടുന്നു.
“എന്റെ ആരോഗ്യം, എന്റെ അവകാശം” എന്നതാണ് 2024-ലെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം. ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം, കുടിവെള്ളം, ശുദ്ധവായു, പോഷകാഹാരം, പാർപ്പിടം, പരിസ്ഥിതി തുടങ്ങിയവ എല്ലാവർക്കും ലഭ്യമാക്കണമെന്ന മൗലികാവകാശത്തിന് പ്രമേയം ഊന്നൽ നൽകുന്നു. ലോകമെമ്പാടും മികച്ച ആരോഗ്യ സേവനങ്ങൾ നൽകാനും ഇത് ലക്ഷ്യം വയ്‌ക്കുന്നു.
1948 ഏപ്രിൽ 7-നാണ് ലോകാരോഗ്യ സംഘടന രൂപീകരിക്കപ്പെട്ടത്. 1945 മുതൽ നിയന്ത്രണരഹിതമായ ആഗോള ആരോഗ്യ സംഘടനയെ യുഎന്നും ചൈനയും ആവശ്യപ്പെട്ടിരുന്നു. 1948 ജനുവരി 12-ന് ഇന്ത്യയെ ലോകാരോഗ്യ സംഘടനയുടെ ഭരണഘടനയിൽ ചേർത്തു. 61 രാജ്യങ്ങളായിരുന്നു ആദ്യകാലത്തെ പങ്കാളികൾ. നിലവിൽ ലോകാരോഗ്യ സംഘടനയിൽ 194 രാജ്യങ്ങളാണുള്ളത്.
ലോകാരോഗ്യ ദിനത്തിൽ ലോകവ്യാപകമായി ആരോഗ്യ സംബന്ധിയായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇത്തരത്തിൽ നടത്തിയ വസൂരി നിർമ്മാർജ്ജനം ചെയ്യാനുള്ള ഡബ്ല്യൂഎച്ച്ഒയുടെ ക്യാമ്പെയ്ൻ ശ്രദ്ധേയമായിരുന്നു. 1958-ൽ അന്നത്തെ ഡെപ്യൂട്ടി സോവിയറ്റ് യൂണിയൻ ആരോഗ്യമന്ത്രി വിക്ടർ ഷ്ദാനോവിന്റെ സമ്മർദ്ദത്തിന്റെ ഫലമായി ഇത് ആരംഭിച്ചു. 1979-ൽ, വസൂരി നിർമാർജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇത് ലോകമെമ്പാടുമുള്ള ആളുകളുടെ കൂട്ടായ പരിശ്രമത്താൽ നിർമ്മാർജനം ചെയ്യപ്പെട്ട ചരിത്രത്തിലെ ആദ്യത്തെ രോഗമായി മാറി.