ഉത്തരേന്ത്യൻ ശൈത്യം റോഡ്, റെയില്‍വേ, വ്യോമ ഗതാഗത സംവിധാനങ്ങളെ വ്യാപകമായി ബാധിക്കുകയാണ്. കേരളത്തിൽ നിന്ന് ദില്ലിയിലേക്കും തിരിച്ചുമുള്ള കേരള, മംഗള എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. കാഴ്ച പരിധി കുറഞ്ഞത് പലയിടത്തും റോഡ് അപകടങ്ങൾക്ക് കാരണമായതായി റിപ്പോർട്ടുകളുണ്ട്.
ദില്ലിയിൽ കുറഞ്ഞ താപനില 4 ഡിഗ്രി രേഖപെടുത്തി. പുക മഞ്ഞ് വായുമലിനീകരണം വർധിപ്പിച്ചിട്ടുണ്ട്. ശക്തമായ ശീതക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിരവധി വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്. ജനുവരി 26 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
വാരാണസി, ആഗ്ര, ഗ്വാളിയാർ, പത്താന്‍കോട്ട്, ജമ്മു, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയിട്ടുണ്ട്.