26 December 2024

ആലപ്പുഴ:ഹൗസ് ബോട്ടുകള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ച് രജിസ്ട്രേഷന്‍ നല്‍കുമെന്ന്  പിണറായി വിജയന്‍. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ബോട്ടുകള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കാമെന്ന് സെക്രട്ടറിതലത്തില്‍ തീരുമാനിക്കും.

ശിക്കാര ബോട്ടുകള്‍ക്ക് വ്യവസ്ഥകള്‍ പാലിച്ച് രജിസ്ട്രേഷന്‍ നല്‍കും. ബോട്ടുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തും. അനധികൃതമായി ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. നിലവില്‍ സര്‍വീസ് നടത്തുന്നവ ക്രമവത്കരിക്കണം. ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ അതത് സ്ഥലത്ത് ഉണ്ടാക്കണം. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എസ്.ടി.പി) സംബന്ധിച്ച് തദ്ദേശഭരണ വകുപ്പിനെയും ടൂറിസം വകുപ്പിനെയും പങ്കെടുപ്പിച്ച് കലക്ടര്‍മാര്‍ ചര്‍ച്ച നടത്തണം.

കായലില്‍ അടിഞ്ഞു കൂടുന്ന പോള ശാസ്ത്രീയമായി നീക്കണം. ടൂറിസ്റ്റുകള്‍ക്ക് ഒരു തരത്തിലുള്ള വിഷമവുമുണ്ടാക്കരുത്. നല്ല വേഷവും മാന്യമായ പെരുമാറ്റവും ഉറപ്പാക്കണം. ഹൗസ് ബോട്ട് ജീവനക്കാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കണം. മന്ത്രി വി.എന്‍. വാസവന്‍, തുറമുഖ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!