എറണാകുളം : കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ സ്വത്ത് ഇ.ഡി കണ്ടുകിട്ടി. ഭാസുരാംഗന്റെയും കുടുംബത്തിന്റെയും 1.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. സി.പി.ഐ നേതാവുകൂടിയായ ഭാസുരാംഗൻ കേസിലെ ഒന്നാം പ്രതിയാണ്. ആദ്യ ഘട്ടത്തിൽ പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് കള്ളപ്പണ ഇടപാട് സംബന്ധിച്ച പരിശോധനകളിലേക്ക് ഇ.ഡി കടന്നു. പിന്നീട് ഭാസുരാംഗനേയും മകനേയും വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു.
ഇരുവരും ഇപ്പോഴും റിമാന്റിൽ തുടരുകയാണ്. ഭാസുരാഗംന്റെ ജാമ്യാപേക്ഷ നാളെ തരൂരിലെ പ്രത്യേക കോടതി പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ സ്വത്തുക്കൾ കണ്ടുകെട്ടിയത്. കഴിഞ്ഞ ദിവസമാണ് ഇ.ഡി കേസിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചിത. ആറ് പേരെ പ്രതികളാക്കി കലവൂരിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. എൻ ഭാസുരാംഗനാണ് ഒന്നാം പ്രതി.
ഭാസുരാംഗന്റെ മകൻ അഖിൽജിത്ത്, ഭാര്യ, രണ്ട് പെൺമക്കൾ എന്നിവരടക്കമാണ് പ്രതികൾ.ഭാസുരാംഗനും കുടുംബവും ചേർന്ന് 3.22 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുടുംബാംഗങ്ങളുടെ പേരിൽ വ്യാജ വായ്പകൾ തരപ്പെടുത്തി തട്ടിയെടുത്ത പണം പ്രതികൾ പല ബിസിനസ് സംരംഭങ്ങളിലും നിക്ഷേപിച്ചെന്നും കുറ്റപത്രത്തിൽ ഉണ്ട്.ഭാസുരാംഗനും മകൻ അഖിൽജിത്തിനും സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് കുറ്റപത്രം സമർപ്പിച്ചത്.