കുമരകം : ബോട്ട് ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് 22 വർഷമാകുന്നു. കുമരകവും മുഹമ്മയും മരിച്ചവരുടെ ഓർമയ്ക്കായി ഇവിടെ ഒത്തുകൂടും. 2 സ്ഥലത്തും മരിച്ചവരുടെ ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തും. 2002 ജൂലൈ 27നായിരുന്നു നാടിനെ നടുക്കിയ ബോട്ടപകടം ഉണ്ടായത്. മുഹമ്മയിൽ നിന്നു പുലർച്ചെ നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ ബോട്ട് വേമ്പനാട്ട് കായലിൽ മുങ്ങി പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 29 പേരാണു മരിച്ചത്.
കുമരകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ രാവിലെ അനുസ്മരണം നടത്തും. മുഹമ്മ ബോട്ടുജെട്ടിയിൽ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ എത്തി അനുസ്മരണം നടത്തും. മുഹമ്മ ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ, സ്രാങ്ക് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലും അനുസ്മരണ ചടങ്ങുകൾ ഉണ്ടാകും. രാവിലെ 9ന് മുഹമ്മയിൽ നിന്നു പുറപ്പെടുന്ന ബോട്ട് കായലിൽ അപകടം നടന്ന സ്ഥലത്തു നിർത്തി യാത്രക്കാരും ജീവനക്കാരും പുഷ്പാർച്ചന നടത്തും.