കാസര്‍കോട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി 3 സ്ത്രീകള്‍ മരിച്ചു. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാടാണ് സംഭവം. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. കള്ളാറില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം.
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തുനിന്നു വന്ന ട്രെയിന്‍ മൂന്നു പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മലബാര്‍ എക്‌സ്പ്രസില്‍ പോകാനായി റെയില്‍വേ സ്റ്റേഷനിലേക്ക് വന്നതായിരുന്നു ഇവര്‍. ഇതിനിടയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ മംഗ്‌ളുറു ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്. വിവരം അറിഞ്ഞ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ചരക്ക് വണ്ടി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.