24 December 2024

സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളില്‍ പഴം, പച്ചക്കറികള്‍ക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഓണത്തിനോടനുബന്ധിച്ച് കൃഷി വകുപ്പ് ആരംഭിക്കുന്ന 2000 കര്‍ഷക ചന്തകളുടെയും സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെയും ഉദ്ഘാടനം തിരുവനന്തപുരം വികാസ് ഭവനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വിപണിയിലൂടെ 10 ശതമാനം അധികം വില നല്‍കിയാണ് കൃഷിക്കാരില്‍ നിന്നും പഴങ്ങളും പച്ചക്കറികളും സംഭരിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു സംഭരിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണകരമാകും. നമ്മുടെ പച്ചക്കറി ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്.

ഇത്തരം സ്ഥലങ്ങളില്‍ നിന്നും കര്‍ഷകക്കൂട്ടായ്മകളുമായി ചര്‍ച്ച ചെയ്ത് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നു. വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആത്മാര്‍ഥമായ പരിശ്രമങ്ങളുടെ ഭാഗമാണിത്. അനുവദനീയമായ അളവിനേക്കാള്‍ വിഷാംശം കൂടുതലുള്ള പച്ചക്കറികള്‍ ഒഴിവാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

എന്നാല്‍ പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയിലെത്താന്‍ കഴിയുന്ന സംസ്ഥാനമെന്ന നിലയില്‍ അത്തരത്തിലുള്ള ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ ഉണ്ടാകണം. പഴവര്‍ഗങ്ങളും, ഇലവര്‍ഗങ്ങളും ഉള്‍പ്പെടെയുള്ള പല പച്ചക്കറികളും നമ്മുടെ പറമ്പിലും കൃഷിയിടങ്ങളിലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം. ഇതിനാവശ്യമായ ബൃഹത്തായ പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിക്കഴിഞ്ഞു.

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വിജയത്തിന്റെ തുടര്‍ച്ചയായിരിക്കും ഇത്. വിപണിയുടെ സാധ്യതകള്‍ കൂടി പഠിച്ചുകൊണ്ടാകണം പച്ചക്കറി ഉല്‍പ്പാദനം വേണ്ടതെന്നും അല്ലാത്തപക്ഷം ആവശ്യക്കാരില്ലാത്ത സാഹചര്യത്തില്‍ കര്‍ഷകന് നഷ്ടമുണ്ടാകും എന്നത് ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൂടുതല്‍ ചലിക്കുന്ന പച്ചക്കറിച്ചന്തകള്‍ സംസ്ഥാനവ്യാപകമായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയാണ് കര്‍ഷകച്ചന്തകള്‍ പ്രവര്‍ത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!