വീട്ടില്‍ വളര്‍ത്തിയിരുന്ന അപൂര്‍വ്വയിനം പല്ലിയുടെ കടിയേറ്റ് 34കാരന് ദാരുണാന്ത്യം. കൊളറാഡോ സ്വദേശിയായ യുവാവിനെയാണ് ഇയാള്‍ വളര്‍ത്തിയിരുന്ന ഗില മോണ്‍സ്റ്റര്‍ ഇനത്തിലെ പല്ലികളിലൊന്ന് ആക്രമിച്ചത്. കടിയേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ക്രിസ്റ്റഫര്‍ വാര്‍ഡ് എന്ന 34കാരന്‍ മരണത്തിന് കീഴടങ്ങിയത്.
കടിയേറ്റയുടനെ തന്നെ യുവാവിന് ശ്വാസ തടസവും ഛര്‍ദിയും അനുഭവപ്പെട്ടതോടെ യുവാവ് ചികിത്സാ സഹായം തേടിയിരുന്നു. ക്രിസ്റ്റഫറിന്റെ കാമുകി രണ്ട് ഗില മോണ്‍സ്റ്ററുകളേയും മൃഗസംരക്ഷകരെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഗുരുതരമായ അലര്‍ജിയാണ് ക്രിസ്റ്റഫറിന് സൃഷ്ടിച്ചതെന്നുള്ള വിലയിരുത്തലിലാണ് ആരോഗ്യ വിദഗ്ധരുള്ളത്.
22 ഇഞ്ച് വരെ നീളമുള്ള പല്ലികളാണ് ഗില മോണ്‍സ്റ്ററുകള്‍. ഗില നദിയില്‍ നിന്നാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. ക്രിസ്റ്റഫറിന്റെ വിഷപരിശോധനാ ഫലങ്ങള്‍ പുറത്ത് വന്നാലേ വിഷബാധയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.