ലക്നൗ: ലോണാവാലയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് മരിച്ചവരില്‍4 പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് ദാരുണസംഭവം നടന്നത്. 5 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഇവരിൽ 3 പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഒൻപതും നാലും വയസുള്ള രണ്ട് കുട്ടികളും ഒഴുക്കിൽപെട്ടിരുന്നു. അവരിൽ 9 വയസുകാരിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. നാലുവയസുള്ള കുഞ്ഞിനായി തെരച്ചിൽ തുടരുകയാണ്.
പൂണെ സ്വദേശികളായ 17 അംഗ സംഘമാണ് വിനോദസഞ്ചാരത്തിനായി ലോണാവാലയിൽ എത്തിയത്. വെള്ളച്ചാട്ടത്തിൽ കുളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുതിച്ചെത്തിയ വെള്ളം ഇവരെ ഒഴുക്കിക്കൊണ്ടു പോകുകയായിരുന്നു. വെള്ളം കുതിച്ചുവരുന്നതും അതിന് നടുവിൽ കുഞ്ഞുങ്ങളുൾപ്പെടെ 10 പേർ കെട്ടിപ്പിടിച്ച് നിൽക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതായിരുന്നു. രക്ഷപ്പെടുത്താൻ കരയിലുള്ളവർ ശ്രമം നടത്തവേ, അവരുടെ കൺമുന്നിലൂടെയാണ് ഈ കുടുംബം ഒലിച്ചു പോയത്.
ഇവരിൽ 5 പേർക്ക് രക്ഷപ്പെടാൻ സാധിച്ചു. നാലുപേർ സ്വയം നീന്തി രക്ഷപ്പെട്ടപ്പോൾ ഒരാളെ വിനോദസഞ്ചാരികളും രക്ഷപ്പെടുത്തി. അപകടം നടന്ന സ്ഥലത്തുനിന്നും ഏതാണ്ട് 100 മീറ്റർ മാത്രമേയുള്ളൂ ഗുഷി ഡാമിലേക്ക്. അവിടെ നിന്നാണ് 4 മൃതദേഹങ്ങൾ കണ്ടെത്തിയത്. മുപ്പത്തിയാറുകാരി ഷഹിസ്ത അൻസാരി, പതിമൂന്നുകാരി ആമിന, ഒൻപതുവയസുള്ള ഉമേര, ഒൻപതുകാരി മറിയ സെയിൻ എന്നിവരാണ് മരിച്ചത്. നാലുവയസുകാരനായ അഡ്മാനുവേണ്ടി നാവികസേനയുടെ മുങ്ങൽ വിദഗ്ഗർ അടക്കമുള്ള സംഘം ഡാമിൽ തിരച്ചിൽ തുടരുകയാണ്. ഇനിയും അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്കായി ജില്ലാ കളക്ടർ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട് റെയിൽവേ വനം വകുപ്പ് ജലസേചന വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.