ബ്രിട്ടനില്‍ നിന്ന് സൈനികസഹായമായി 500 ദശലക്ഷം പൗണ്ട് (619 ദശലക്ഷം ഡോളര്‍) വിലമതിക്കുന്ന യുദ്ധോപകരണങ്ങള്‍ താമസിയാതെ ലഭ്യമാകുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. ഇതോടെ, 5000 കോടി രൂപയിലേറെ വിലവരുന്ന യുദ്ധോപകരണങ്ങളാണ് യുക്രെയിന് ലഭിക്കുന്നത്. ബ്രിട്ടനില്‍ നിന്ന് യുക്രെയിന് ലഭിക്കുന്ന ഏറ്റവും വലിയ ആയുധപാക്കേജാണിത്.
സ്റ്റോം ഷാഡോ ഉള്‍പ്പെടെയുള്ള മിസൈലുകള്‍, ആയുധ സജ്ജീകൃതമായ വാഹനങ്ങളും കപ്പലുകളും, മറ്റ് യുദ്ധോപകരണങ്ങള്‍ എന്നിവ യുക്രെയിന് ലഭിക്കുമെന്ന് യു.കെ. പ്രധാനമന്ത്രി ഋഷി സുനകുമായുള്ള ഫോണ്‍ സന്ദേശത്തിനുശേഷം ചൊവ്വാഴ്ച ടെലിഗ്രാം പ്ലാറ്റ്ഫോമിലൂടെ സെലന്‍സ്‌കി അറിയിച്ചു. പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് സുനകുമായി ചര്‍ച്ച നടത്തിയതായും സെലന്‍സ്‌കി വ്യക്തമാക്കി.