ബെയിജിങ്: ജനന നിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ പ്രസവ വാര്‍ഡുകളിലെ ജീവനക്കാരെ പരിമിതപ്പെടുത്തുന്നതും സൗകര്യം പരിമിതപ്പെടുത്തുന്നതുമായ നടപടികളിലേക്ക് കടന്ന് ചൈന. 1961 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് രാജ്യത്ത് 2022 ല്‍ രേഖപ്പെടുത്തിയത്. ഇത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതിനിടെയാണ് പുതിയ നടപടി. പല നയങ്ങള്‍ ആവിഷ്കരിച്ച് ജനസംഖ്യാ വളര്‍ച്ച ഉയര്‍ത്താനുള്ള ശ്രമം ചൈന നടത്തുന്നുണ്ട്. 2016 മുതലാണ് ചൈനയില്‍ ജനസംഖ്യാ വളര്‍ച്ച താഴേക്ക് പോയത്. കുട്ടികളെ വളര്‍ത്തുന്നതിലെ ചെലവ് ഉള്‍പ്പെടെയാണ് പലരേയും ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ എന്ന തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ദേശീയ ആരോഗ്യ കമ്മീഷന് വ്യാഴാഴ്ച്ച പുറത്തു വിട്ട കണക്ക് പ്രകാരം ദമ്പതികള്‍ക്ക് രണ്ടാമതോ പിന്നീടുള്ളതോ ആയി ജനിക്കുന്ന കുട്ടികളുടെ എണ്ണം 53.9 ശതമാനം ആയി കുറഞ്ഞു. 2021 ല്‍ 55.9 ശതമാനമായിരുന്നു ഇത്.
ആദ്യത്തെ പ്രസവത്തിന്റെ എണ്ണത്തിലും ഗണ്യമായി കുറവുരേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ ജനസംഖ്യയില്‍ ആശങ്കപ്പെടുത്തുന്ന ഇടിവ് രേഖപ്പെടുത്തിയതോടെ അവിവാഹിതര്‍ക്ക് കുഞ്ഞുങ്ങള്‍ പാടില്ല എന്ന നിയമത്തിലും ജനന നിയന്ത്രണത്തിലും അടക്കം പുതിയ നയം കൊണ്ടുവന്നിരുന്നു. നേരത്തെ അവിവാഹിതര്‍ക്ക് കുഞ്ഞ് ജനിച്ചാല്‍ രജിസ്റ്റര്‍ ചെയ്യുന്നതിലടക്കം നിരവധി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഇതിന് പുറമേ ഒറ്റക്കുട്ടി നയം മൂലം ചൈനയില്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രം വര്‍ധിച്ചിരുന്നു. ഈ ഘട്ടത്തില്‍ കൂടിയായിരുന്നു പുതിയ നയം രൂപീകരിച്ചത്. എന്നാല്‍ ഇതും പരാജയപ്പെടുന്ന സാഹചര്യമാണെന്നാണ് നിലവിലെ ജനന നിരക്ക് കാണിക്കുന്നത്.