27 December 2024

അടുത്ത വർഷം ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്കും വിരാട് കോഹ്‌ലിക്കും ക്ഷണം. അയോധ്യയില്‍ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തില്‍ നടക്കാൻ പോകുന്ന ശ്രീരാമന്റെ പ്രാണ്‍ പ്രതിഷ്ഠയിലേക്ക് (പ്രതിഷ്ഠാ ചടങ്ങ്) നിരവധി പ്രമുഖർക്കൊപ്പം ക്രിക്കറ്റ് ഇതിഹാസങ്ങളെയും ക്ഷണിച്ചതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ മേഖലകളിലെ 2000 വി.ഐ.പികൾ അടക്കം 8000 പേർക്കാണ് ക്ഷണം. സിനിമാ താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, വ്യവസായികളായ മുകേഷ് അംബാനി, രത്തന്‍ ടാറ്റ തുടങ്ങിയവരാണ് ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലെ മറ്റ് പ്രമുഖര്‍. 8000 ക്ഷണിതാക്കളില്‍ 6000 പേര്‍ രാജ്യത്തുടനീളമുള്ള മതനേതാക്കളും മറ്റ് 2000 പ്രമുഖര്‍ കായികം, സിനിമ, സംഗീതം, ബിസിനസ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരുമാണെന്നാണ് റിപ്പോർട്ട്.

അതേസമയം, ക്ഷണം കിട്ടിയെങ്കിലും രാമക്ഷേത്രത്തിന് രാഷ്ട്രീയമാനം കൂടി ഉള്ളതിനാല്‍ സചിനും കോഹ്‌ലിയും ചടങ്ങില്‍ പങ്കെടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോഹ്‌ലിക്ക് ചടങ്ങില്‍ എത്താന്‍ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ജനുവരി 25ന് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍.എസ്.എസ് തലവൻ മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ഉദ്ഘാടന ചടങ്ങിലുണ്ടാകും. സന്യാസിമാര്‍, പുരോഹിതര്‍, മതനേതാക്കള്‍, മുന്‍ സിവില്‍ സർവീസ് ഉദ്യോഗസ്ഥര്‍, വിരമിച്ച ആര്‍മി ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, കവികള്‍, സംഗീതജ്ഞര്‍, പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാര ജേതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇവരെ കൂടാതെ, ബാബരി മസ്ജിദ് പൊളിച്ച കർസേവകരിൽപ്പെട്ടവരും പിന്നീട് മരിച്ചവരുമായ 50 പേരുടെ കുടുംബാം​ഗങ്ങളേയും ക്ഷണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!