26 December 2024

തിരുവനന്തപുരം: സന്നിധാനത്തെ തിരക്ക് നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്തതിന്റെ തുടർന്ന് ശബരിമല ഡ്യൂട്ടിയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. നിരവധി അയ്യപ്പ ഭക്തരാണ് തിക്കിലും തിരക്കിലുംപ്പെട്ട് അയ്യപ്പ ദർശനം നടത്തുന്നത്. സന്നിധാനത്ത് നിയമിച്ചിരുന്ന കെവി സന്തോഷിനെ നിലയ്ക്കലിലേക്ക് മാറ്റി. എസ്പി മധുസൂദനെ പമ്പയിലേക്കും മാറ്റി

അരവിന്ദ് സുകുമാരന് പകരമാണ് മധുസൂദനെ നിയമിച്ചത്. ദക്ഷിണ മേഖല ഐജിയുടെ ശുപാർശയിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമുണ്ടായത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് പൊലീസുകാർക്ക് മാറ്റം നൽകിയിട്ടുള്ള ഉത്തരവ് പുറത്തുവന്നത്.

അതിനിടെ, ശബരിമല തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്‍എസ്എസ്-എന്‍സിസി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന് പുറത്തുള്ള എത്ര പേര്‍ സ്പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സ്പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തില്‍ കൂടതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതെന്ന് എഡിജിപി കോടതിയെ അറിയിച്ചു.

ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ ദൃശ്യങ്ങൾ സഹിതം എഡിജിപി ഹൈക്കോടതിയിൽ വിശദീകരിച്ചു. നിലയ്ക്കല്‍ പാര്‍ക്കിംഗ് നിറഞ്ഞെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, അരമണിക്കൂര്‍ കാത്തുനിന്നാണ് ഒരാളും പരാതി പറയില്ലെന്ന് കോടതി പറഞ്ഞു. വെര്‍ച്വല്‍ വ്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് സൗകര്യം കിട്ടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, മണിക്കൂറുകള്‍ വൈകുമ്പോള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് സൗകര്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. നിലയ്ക്കലില്‍ തിരക്കാണെങ്കില്‍ മറ്റിടങ്ങളില്‍ പാര്‍ക്കിംഗ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും വോളണ്ടിയര്‍മാരുടെ സഹായം തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ക്യൂ കോംപ്ലക്സുകള്‍ വൃത്തിയായിരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!