തിരുവനന്തപുരം: കേന്ദ്രവും കേരളവും തമ്മിലുള്ള സാമ്പത്തിക ഏറ്റുമുട്ടലിൽ നിയമപോര് തുടങ്ങി സംസ്ഥാനം. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് വ്യക്തമാക്കി ഭരണഘടനയുടെ 131 ആം അനുച്ഛേദം അനുസരിച്ച് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹർജി. കേന്ദ്രം ഭരണഘടനാപരമായി സംസ്ഥാനത്തിൻറെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.
വായ്പാ പരിധി ഇല്ലാത്ത അധികാരം ഉപയോഗിച്ച് വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് ഹർജിയിലെ വിമർശനം.ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ ഫെഡറിലസം കേന്ദ്രം പടിപടിയായി തകർക്കുന്നുവെന്നും കേന്ദ്രത്തിൻറെ കടമെടുപ്പിന് പരിധികൾ ഇല്ലാതിരിക്കെയാണ് കേരളത്തെ ഞെരുക്കുന്നതെന്നും ഹര്‍ജിയിലുണ്ട്. ബജറ്റിന് പുറത്ത് അടിസ്ഥാന സൗകര്യവികസനത്തിനായി രൂപീകരിച്ച കിഫ്ബി വഴിയുള്ള ധനസമാഹരണത്തെയും സംസ്ഥാനത്തിന്‍റെ ബാധ്യതയാക്കി മാറ്റിയതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. അടിയന്തിരമായി 26000 കോടി സമാഹരിക്കാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാന അതീവ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടാമെന്ന 131 ആം അനുച്ഛേദം അടിസ്ഥാനമാക്കിയാണ് കേരളത്തിൻറെ ഹർജി.