പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വമ്പൻ കവർച്ച നടത്തുന്ന ഫൈസൽ രാജ് എന്നയാള്‍ പത്തനംതിട്ട കോടതിയിൽ കീഴടങ്ങി. കോട്ടയം ചിങ്ങവനത്ത് നിന്ന് ഒന്നരക്കോടിയുടെ കവർച്ചയാണ് ഓടുവിൽ നടത്തിയത്. സംസ്ഥാനത്തെ എണ്ണമറ്റ കവർച്ചാ കേസുകളിൽ പ്രതിയാണ് പത്തനാപുരം പാടം സ്വദേശി ഫൈസൽ.
നാല്‍പതോളം മോഷണ കേസുകളിലെ പ്രതിയാണ് പാടം സ്വദേശി ഫൈസല്‍ രാജ്. ഇയാളെ തേടി ഇതര സംസ്ഥാനങ്ങളിലടക്കം പൊലീസ് കറങ്ങിയെങ്കിലും പിടികൂടാനായില്ല. അങ്ങനെയിരിക്കെയാണ് പ്രതി പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകന്‍ മുഖേന കീഴടങ്ങിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിനു രാത്രിയാണ്- ചിങ്ങവനം സുധാ ഫിനാന്‍സില്‍ കവർച്ച നടന്നത്. എട്ട് ലക്ഷം രൂപ അടക്കം ഒരുകോടിയിലധികം രൂപയുടെ മുതലാണ് അപഹരിച്ചത്. കേസില്‍ കൂട്ടുപ്രതിയായ പാടം സ്വദേശി അനീഷ് ആന്റണി നേരത്തെ പിടിയിലായിരുന്നു.
ഇസാഫ് ബാങ്കിന്‍റെ കൊടകര ശാഖയില്‍ മോഷണം നടത്തിയ സംഘത്തിലെ പ്രധാനിയും ഫൈസല്‍ രാജാണ്. ആഗസ്റ്റ് 25നു രാത്രിയായിരുന്നു മോഷണം. മുന്‍പ്, പത്തനാപുരത്തെ ഒരു പണമിടപാട് സ്ഥാപനത്തിലും ഇയാള്‍ മോഷണം നടത്തി. അപഹരിച്ചതില്‍ ഒരു കിലോ സ്വര്‍ണ്ണം പിന്നീട് ഉടമയുടെ വീട്ടു മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം കടന്നകളഞ്ഞ സംഭവവുമുണ്ടായി. എണ്ണമറ്റ കവർച്ചാകേസുകളിൽ പ്രതിയായിട്ടും ഒരെണ്ണത്തിൽ പോലും ശിക്ഷിക്കപ്പെട്ടില്ല. മിക്ക കേസുകളിലും തൊണ്ടി മുതൽ കിട്ടാതെ പൊലീസ് വട്ടംകറങ്ങുന്ന അവസ്ഥയാണ്.