തിരുവനന്തപുരം : സംസ്ഥാനത്തെ ഐടിഐകളിലെ പരിശീലനദിവസങ്ങൾ അഞ്ചായി പരിമിതപ്പെടുത്തണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം തള്ളിയ സർക്കാർ നിയോഗിച്ച കമ്മിറ്റിക്കെതിരെ ഐ.ടി.ഐ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ.
പുതുക്കിയ ഐ.ടി.ഐ സിലബസ് പ്രകാരം പരിശീലനസമയം 1600 മണിക്കൂറിൽ നിന്നും 400 മണിക്കൂർ കുറച്ച് 1200 മണിക്കൂറായി ക്രമീകരിച്ച സാഹചര്യത്തിൽ വി.എച്ച്.എസ്.ഇ യിൽ അനുവദിച്ചതുപോലെ സംസ്ഥാനത്തെ ഐ.ടി.ഐ കളിലും പ്രവർത്തി ദിവസങ്ങൾ അഞ്ചായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.ടി.ഐ വിദ്യാർത്ഥികൾ സർക്കാറിലേക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് വകുപ്പ് ഒരു പഠനസമിതിയെ നിയോഗിച്ച് റിപ്പോർട്ട് തേടിയിരുന്നു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. വൈരുദ്ധ്യങ്ങൾ നിറഞ്ഞതും തെറ്റിദ്ധാരണ ജനകവുമായ റിപ്പോർട്ട് ആണ് കമ്മിറ്റി നൽകിയത് എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും പഠിപ്പ് മുടക്കിയും മറ്റ് സമരമാർഗ്ഗങ്ങളിലൂടെയും ഈ വിഷയം സർക്കാരിന്റെ പരിഗണനയിൽ കൊണ്ടുവരുന്നതിനുള്ള വലിയ പരിശ്രമം നടത്തി വരുമ്പോൾ പ്രസ്തുത വിഷയത്തിന്മേൽ യുക്തിസഹമല്ലാത്തതും വസ്തുതാവിരുദ്ധവുമായ കാരണങ്ങളാൽ നിരത്തി ആവശ്യം നിരാകരിക്കപ്പെടുന്നത് ഐടിഐ കളുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കും. സംസ്ഥാനത്തെ നിരവധി ഐടിഐകളിൽ 80 ശതമാനത്തിൽ താഴെ മാത്രമാണ് അഡ്മിഷൻ പൂർത്തീകരിക്കുവാൻ കഴിഞ്ഞിട്ടുള്ളത്. അഡ്മിഷൻ കുറയാനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് വിഎച്ച്എസ് സി അടക്കം മറ്റൊരു വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആറു ദിവസങ്ങളിൽ ക്ലാസ്സുകൾ നടക്കുന്നില്ല എന്നതുതന്നെയാണ്. അഡ്മിഷനിൽ സംഭവിച്ചിട്ടുള്ള ഈ കുറവ് അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും വിദ്യാർഥികൾ പറഞ്ഞു.
ശനിയാഴ്ച അവധി നിരാകരിച്ചു കൊണ്ടുള്ള ഉത്തരവിലെ ഖണ്ഡിക 3 ൽ ഐ.ടി.ഐ കളിലെ പരിശീലനം ആരംഭിക്കുന്നത് ഒക്ടോബർ മാസത്തിലാണ് എന്ന് പറഞ്ഞിട്ടുള്ളത് വാസ്തവ വിരുദ്ധമാണ്.DGT കലണ്ടർ പ്രകാരം സെപ്റ്റംബർ മാസത്തിലാണ് പരിശീലനം ആരംഭിക്കുന്നത്.ഈ വർഷവും പരിശീലനം ആരംഭിച്ചത് സെപ്റ്റംബർ അവസാന വാരമാണ്.രണ്ടാം വർഷ ക്ലാസുകൾ CBT പരീക്ഷ പൂർത്തിയാക്കുന്നതിനു മുമ്പ് ജൂലൈ മാസം തന്നെ ആരംഭിച്ചു എന്ന വസ്തുതയും റിപ്പോർട്ടിൽ മനപ്പൂർവ്വം മറച്ചുവച്ചു.
ഖണ്ഡിക 3 ൽ ശനിയാഴ്ച ഉൾപ്പെടെ 1426 മണിക്കൂർ മാത്രമേ പരിശീലനത്തിന് ലഭിക്കുന്നുള്ളൂ എന്നാണ് കമ്മറ്റിയുടെ കണ്ടെത്തൽ. 2022 വരെ ഐ.ടി.ഐ പരിശീലനം പൂർത്തിയാക്കുന്നതിന് DGT സിലബസ് പ്രകാരം 1600 മണിക്കൂർ വേണമെന്നിരിക്കെ റിപ്പോർട്ടിൽ സൂചിപ്പിച്ച പ്രകാരം 2022 വരെ പരിശീലനം നേടിയ ട്രെയിനികൾക്ക് സിലബസ് പ്രകാരം ഉള്ള പരിശീലനം നൽകാൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട് പ്രകാരം മനസ്സിലാക്കേണ്ടത്.DGT യിൽ അഫിലിയേഷൻ നേടിയ ശേഷം സിലബസ് പ്രകാരമുള്ള പരിശീലനം നൽകാൻ കഴിഞ്ഞില്ല എന്ന തരത്തിൽ, കമ്മറ്റിയുടെ വാദഗതികൾക്ക് സ്വീകാര്യത ലഭിക്കുന്നതിനായി അടിസ്ഥാനരഹിതമായ കാരണങ്ങൾ നിരത്തി തെറ്റായ തരത്തിൽ വസ്തുതകൾ അവതരിപ്പിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഐടിഐയിലെ ഒരുകൂട്ടം അധ്യാപകർ പറയുന്നു. പഴയ സിലബസ് പ്രകാരം 1600 മണിക്കൂറിൽ വർഷങ്ങളായി പരിശീലനം നൽകിവരുന്ന വകുപ്പിൽ പുതിയ സിലബസിൽ നിന്നും നീക്കം ചെയ്ത 400 മണിക്കൂറിന്റെ ആനുകൂല്യം ട്രെയിനികൾക്ക് ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത.
ഖണ്ഡിക 5 ൽ PMKVY, IMC സ്ക്കീം മുഖന നടത്തുന്ന ഹ്രസ്വകാല കോഴ്സുകൾക്ക് 300 മണിക്കൂറോളം കണ്ടെത്തേണ്ടതുണ്ട് എന്ന് സൂചിപ്പിച്ചിരിക്കുന്നു.മേൽ കോഴ്സുകൾ ഐ.ടി.ഐ പരിശീലനവുമായി ബന്ധമില്ല എന്നിരിക്കെ, അത്തരം കോഴ്സുകൾക്ക് സമയം കണ്ടെത്തേണ്ടതുണ്ട് എന്ന് സൂചിപ്പിച്ചത് സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മാത്രമാണെന്നും അധ്യാപകർ ആരോപിച്ചു. കൂടാതെ ഐ.ടി.ഐ പഠനത്തോടൊപ്പം, ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലുമായി ഏതെങ്കിലും ലാംഗ്വേജ് വിഷയങ്ങളിൽ പ്രാവീണ്യം നേടി NIOS മുഖേന കരസ്ഥമാക്കാവുന്ന SSLC, PLUS TWO തുല്യതാ സർട്ടിഫിക്കറ്റുകളെകുറിച്ച് ശനി അവധി നൽകണമെന്ന കാരണത്താൽ തന്നെ പ്രതിപാദിക്കുന്നുമില്ല.
ഖണ്ഡിക 5 ൽ തന്നെ പരാമർശിച്ചിരിക്കുന്ന NSS, ED CLUB, ഹരിത കർമ്മ സേന തുടങ്ങിയവയിൽ ഒരു ക്ലാസിൽ നിന്നും ഒന്നോ രണ്ടോ കുട്ടികൾ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. ആയതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വളരെ ചെറിയൊരു ശതമാനം ട്രെയിനികൾ മാത്രമാണ് പങ്കെടുക്കുന്നത്.ഈ സമയം മറ്റു കുട്ടികൾക്ക് ട്രെയിനിംഗ് മുടങ്ങാറില്ല. ഈ വിഷയത്തിലും സർക്കാരിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.
ഖണ്ഡിക 6 ൽ ശനി അവധി നൽകുന്നത് ജീവനക്കാർക്ക് 5 കാഷ്വൽ ലീവുകൾ നഷ്ടപ്പെടാൻ ഇടയാകും എന്ന് സൂചിപ്പിച്ചിരിക്കുന്നു.ആറു ദിവസത്തെ പരിശീലനം ട്രെയിനികൾക്ക് ഉണ്ടാക്കുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഠന റിപ്പോർട്ടിൽ ജീവനക്കാരുടെ കാഷ്വൽ ലീവ് സംരക്ഷിക്കുന്നതിലേക്കായി നടത്തിയ കണ്ടെത്തൽ എന്ന തരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ജീവനക്കാരുടെ ലീവ് സംരക്ഷിക്കുന്നതിനായി എന്ന തരത്തിൽ കുട്ടികളുടെ ന്യായമായ അവകാശം നിഷേധിക്കുന്നത് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള സൗഹൃദാന്തരീക്ഷം നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് ഈ വിഷയം എത്തിച്ചിരിക്കുകയാണെന്നും അധ്യാപകർ പറഞ്ഞു. ഇത്തരത്തിൽ ഒരു ആവശ്യവും ജീവനക്കാർ ഉന്നയിച്ചിട്ടില്ല എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. സർക്കാർതലത്തിൽ നയപരമായി എടുക്കേണ്ട തീരുമാനങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ ഏകപക്ഷീയമായി തീരുമാനിച്ച് ഈ വിഷയത്തിൽ ഉത്തരവിറക്കിയതിലുള്ള ശക്തമായ വിയോജിപ്പ് ഐ.ടി.ഐ വിദ്യാർത്ഥികൾ രേഖപ്പെടുത്തി.ഈ വിഷയവുമായി ബന്ധപ്പെട്ട് മൂന്നു തവണ കമ്മറ്റി പുനർനിർണ്ണയിച്ചതുതന്നെ സംശയാസ്പദമാണ്. സാധാരണയായി കമ്മിറ്റികൾ മൂന്നോ അഞ്ചോ ഏഴോ ആയി ഒറ്റസംഖ്യ അനുപാതത്തിലാണ് രൂപീകരിക്കുന്നത്, തർക്കത്തിനിടയില്ലാത്ത വിധം ഭൂരിപക്ഷാഭിപ്രായം തെരഞ്ഞെടുക്കുന്നതിനായി ഉള്ള കീഴ് വഴക്കങ്ങളും ലംഘിക്കപ്പെട്ടു.
അയൽ സംസ്ഥാനമായ തമിഴ്നാട് അടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും 1600 മണിക്കൂർ പരിശീലനം നൽകിയിരുന്ന പഴയ സിലബസ് നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ തന്നെ അഞ്ചുദിവസമായാണ് ഐടിഐ പ്രവർത്തിച്ചിരുന്നത്. നിലവിൽ 400 മണിക്കൂർ പരിശീലനത്തിൽ കുറഞ്ഞ സാഹചര്യത്തിൽ പോലും കേരളത്തിൽ അത് അനുവദിക്കുന്നില്ല എന്നത് നീതിനിഷേധമാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ അറിയിച്ചു. ഈ വിഷയം വകുപ്പിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന ചാലക്കുടി ഗവൺമെന്റ് ഐടിഐ യിലെ അരുൺ ജോസഫ് എന്ന വിദ്യാർത്ഥിയാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.